Wednesday
22 Nov 2017

ജലസംഭരണ വിജയഗാഥയുമായി വര്‍ഷായനം

By: Web Desk | Monday 28 August 2017 7:47 PM IST

കോഴിക്കോട്:

വരള്‍ച്ചയും കുടിവെളള ക്ഷാമവും കേരളത്തില്‍ അതിരൂക്ഷമാകുമ്പോള്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും ഒരുമിച്ചുകൊണ്ട് പോവുകയാണ് നടുവണ്ണൂരിലെ ഫോര്‍മര്‍ സ്‌കൗട്ട് ഫോറം.
‘വര്‍ഷായാനം 2016 18’ എന്ന ജലസംഭരണകിണര്‍ റീച്ചാര്‍ജിങ് പദ്ധതിയിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 30 വീടുകളില്‍ മഴവെളള സംഭരണ കിണര്‍ റീച്ചാര്‍ജിങ് സ്ഥാപിച്ചു കഴിഞ്ഞുവെന്ന് ‘ഫോര്‍മര്‍ സ്‌കൗട്ട് ഫോറം’ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നിരവധി ജലസംഭരണികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. ജില്ലയില്‍ ഭൂഗര്‍ഭ ജല ഉപയോഗം ഏറ്റവും കൂടുതലുള്ളതും കുടിവെള്ള ക്ഷാമം രൂക്ഷമായതുമായിട്ടുള്ളതുമായി സി ഡബ്യു ആര്‍ ഡി എം നടത്തിയ പഠനത്തില്‍ ബാലുശ്ശേരി, കുന്നമംഗലം ബ്ലോക്കുകളെ കണ്ടെത്തിയിട്ടുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തായിരുന്നു ആദ്യഘട്ടത്തില്‍ ‘വര്‍ഷായനം’പദ്ധതിയുടെ പ്രവര്‍ത്തന മേഖല. പിന്നീട് അത് ജില്ലയില്‍ മുഴുവനായി വ്യാപിപ്പിച്ചു. മഴ, മണ്ണ്, മരം, മനുഷ്യന്‍ എന്ന കൂട്ടായ്മയിലൂടെ മാത്രമെ രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു എന്ന ആശയമാണ് വര്‍ഷായനം വിഭാവനം ചെയ്യുന്നത്.സി ഡബ്യു ആര്‍ ഡി എമ്മിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ജനകീയ മഴവെള്ള സംഭരണ കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കുന്നത്.
നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2016 ജൂലൈ രണ്ട് മുതല്‍ 2018 ഒക്‌ടോബര്‍ രണ്ട് വവരെയാണ് പദ്ധതി കാലയളവ്. ഒന്നാം ഘട്ടമായി ജലസംരക്ഷഷണ പ്രതിജ്ഞ, ജല സംഭരണ പരിശീലന ക്ലാസ്, വിളംബര റാലി, സി ഡബ്യു ആര്‍ ഡി എം സന്ദര്‍ശനം, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു. രണ്ടാം ഘട്ടമായി ഡോക്യുമെന്ററി തയ്യാറാക്കല്‍, മാതൃകാ ഭവനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള സമ്മാന പദ്ധതി പ്രഖ്യാപനം, ജല സര്‍വ്വേ എന്നിവ നടന്നു. മൂന്നാം ഘട്ടമായിജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജലസംഭരണികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നടന്നു. ജലസംഭരണികള്‍ പൂര്‍ത്തിയാക്കിയ ഭവനങ്ങളെ ആദരിച്ചു. നാലാംഘട്ടത്തില്‍ മഴവെള്ള സംഭരണ കിണര്‍ റീ ചാര്‍ജിംഗ് വിപുലമാക്കും. ഒപ്പം മറ്റ് ശാസ്ത്രീയ ജലസംഭരണ മാര്‍ഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കിയുളള പദ്ധതിയാണ് ‘വര്‍ഷായനം’.പെയിന്‍ ആന്റ് പാലിയേറ്റീവ് സഹായം,ഭവന നിര്‍മ്മാണ സഹായം,വിദ്യാഭ്യാസ ധനസഹായം,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സാമൂഹ്യ രംഗത്ത് സജീവമാണ്. ഫോര്‍മര്‍ സ്‌കൗട്ട് ഫോറം.നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ സ്‌കൗട്ട് അംഗങ്ങള്‍ ചേര്‍ന്ന് 2008 ലാണ് ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന് രൂപം നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഫോറം പ്രസിഡന്റ് സി മുഹമ്മദ്, കെ വി കെ ബാബു, സി സത്യപാലന്‍, എം എം സുബീഷ്, കെ കെ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.