Sunday
24 Sep 2017

പൊതുമേഖലയെ സംരക്ഷിക്കുക.. രാജ്യത്തെ രക്ഷിക്കുക..

By: Web Desk | Saturday 9 September 2017 1:42 AM IST

കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍മൂലം കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രപൊതുമേഖലയെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 13ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിന് തൊഴിലാളികളുടെ സംയുക്ത സമിതി തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര പൊതുമേഖലയിലെ സ്ഥിരം, കരാര്‍ തൊഴിലാളികളും, ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, റയില്‍വേ, തുറമുഖ തൊഴിലാളികളും മറ്റു വിഭാഗം അസംഘടിത തൊഴിലാളികളും ഐക്യദാര്‍ഢ്യമായി രാജ് ഭവന്‍ മാര്‍ച്ചില്‍ അണിനിരക്കും. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എസ്ടിയു, യുടിയുസി, എന്‍എല്‍ഒ, ഐഎന്‍എല്‍സി, ടിയുസിഐ, എഐയുടിയുസി, സേവ, എന്‍എല്‍സി, എന്‍എസ്ടിയു, എഐസിടിയു, എന്‍ടിയുഐ, കെടിയുസി(ജെ), ജെടിയുസി, ടിയുസിസി എന്നിങ്ങനെ 18 തൊഴിലാളി സംഘടനകളും മറ്റ് സ്വതന്ത്ര യൂണിയനുകളും സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
1951ലെ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ 29 കോടി നിക്ഷേപിച്ച് ആരംഭിച്ച 5 സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 2015 -16ലെ സ്ഥിതിവിവര കണക്കുപ്രകാരം 51ലെ 29 കോടിയുടെ നിക്ഷേപം ഇന്ന് 11,71,844 കോടിയായും, 5 സ്ഥാപനങ്ങള്‍ എന്നത് 320 ആയും വളര്‍ന്നിരിക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ അഭ്യന്തര ഉദ്പ്പാദനം 134.76 ലക്ഷം കോടിയാണ്. കേന്ദ്രപൊതുമേഖലകളുടെ വിറ്റുവരവ് 18,54,667 കോടിയും. രാജ്യത്തെ അഭ്യന്തര ഉദ്പ്പാദനത്തിന്റെ 13.67 ശതമാനമാണ് കേന്ദ്രപൊതുമേഖലകളുടെ വിറ്റുവരവ് എന്നുമാത്രമല്ല പൊതുമേഖല സ്ഥാപനങ്ങളിലെ 61.52 ശതമാനവും ഉല്‍പാദന മേഖലയെയാണ് പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രപൊതുമേഖലകളുടെ ആകെലാഭം 1,15,767 കോടിയും, വിവിധ ഇനങ്ങളിലായി കേന്ദ്രവരുമാനത്തിലേക്ക് നല്‍കിയ വിഹിതം 2,78,075 കോടിയും പൊതുനന്മ ഫണ്ടിലേക്ക് നല്‍കിയത് 4,028.04 കോടിയുമാണ്. നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലകളുടെ കരുതല്‍ ധനശേഖരം 7,96,467 കോടിയായി വര്‍ദ്ധിച്ചിരിക്കുന്നു. മേല്‍ സൂചിപ്പിച്ച കണക്കുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പൊതുമേഖലയുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ്. 1951ലെ കേന്ദ്രവ്യവസായ നയവും, 1973,77,80 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ് നയങ്ങളും പൊതുമേഖലാ നിക്ഷേപത്തെ വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ 1991ല്‍ പ്രഖ്യാപിച്ച വ്യവസായനയം നിലവിലുള്ള കാഴ്ച്ചപ്പാടുകളെയാകെ തിരുത്തിക്കുറിക്കുന്നതായിരുന്നു. അതുവരെ നമ്മള്‍ കേട്ടിരുന്നത് നിക്ഷേപത്തെക്കുറിച്ചായിരുന്നുവെങ്കില്‍ പിന്നീട് നമ്മള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നത് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് മാത്രമാണ്.
ഇതിന്റെ ഭാഗമായി 1991നുശേഷം നാളിതുവരെ 2,09,228 കോടിയുടെ പൊതുമേഖലാ ഓഹരികള്‍ വിവിധ രൂപങ്ങളിലായി മാറിമാറിവന്ന കേന്ദ്രഗവണ്‍മെന്റുകള്‍ വിറ്റുകഴിഞ്ഞു. ഇതില്‍ 6,344.35 കോടി സമാഹരിച്ചിട്ടുള്ളത് പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിലൂടെയാണ്. ഇത് പൂര്‍ണ്ണമായും ചെയ്തത് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റായിരുന്നു. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 3 വര്‍ഷം കൊണ്ട് 88096.75 കോടിയുടെ പൊതുമേഖലാഓഹരികള്‍ വിറ്റുകഴിഞ്ഞു. അതായത് 1991 മുതല്‍ 26 വര്‍ഷംകൊണ്ട് വിറ്റഴിച്ച ഓഹരികളുടെ 42.10 ശതമാനവും വിറ്റഴിച്ച് കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ടാണ്. എന്നുമാത്രമല്ല നീതി അയോഗിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുമേഖലകള്‍ അടച്ചുപൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്.
പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍, അടച്ചുപൂട്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കഴിഞ്ഞ 10 വര്‍ഷക്കാലംകൊണ്ട് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടപ്പെട്ട സ്ഥിരം തൊഴിലുകളുടെ എണ്ണം 3.8 ലക്ഷമാണ്. 2005-06ല്‍ കേന്ദ്രപൊതുമേഖലയില്‍ ഉണ്ടായിരുന്ന സ്ഥിരം ജീവനക്കാരുടെ എണ്ണം 16.14 ലക്ഷമായിരുന്നുവെങ്കില്‍ 2015-16ല്‍ അത് 12.34 ലക്ഷമായി കുറഞ്ഞിരിക്കുന്നു. കേന്ദ്രപൊതുമേഖലയില്‍ ഇപ്പോഴുള്ള 12,32,161 സ്ഥിരം ജീവനക്കാരില്‍ 2,14,132 പട്ടികജാതി വിഭാഗവും, 1,04,888 പട്ടിക വര്‍ഗവിഭാഗക്കാരും 2,05,385 മറ്റുപിന്നോക്ക വിഭാഗക്കാരുമാണ്. അതായത് മൊത്തം ജീവനക്കാരില്‍ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ 42.56 ശതമാനമാണ്. പൊതുമേഖല സ്വകാര്യവല്‍ക്കരണത്തിലൂടെയും, അടച്ചുപൂട്ടലുകളിലൂടെയും ഇത്തരം വിഭാഗക്കാരുടെ സാധ്യതകളാണ് ഇല്ലാതാകുന്നത്. ഇതുപോലെ പൊതുമേഖല നിയന്ത്രണം തന്ത്രപ്രധാനമേഖലകളില്‍ ഒഴിവാകുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന മറ്റു പ്രതിസന്ധികള്‍ ഏറെയാണ്.
കേരളത്തില്‍ ഉള്ള കേന്ദ്രനിക്ഷേപം ഏകദേശം 2.1 ശതമാനം മാത്രമാണ്. എന്നാല്‍ ഈ നിക്ഷേപംപോലും പ്രതിസന്ധിയിലാകുന്ന വിധത്തിലാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ സാഹചര്യങ്ങള്‍ മുന്നോട്ടുപോകുന്നത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രപൊതുമേഖല സ്ഥാപനമായ എഫ്എസിടി കേന്ദ്രഗവണ്‍മെന്റ് തന്നെ നല്‍കിയ 13 ശതമാനം പലിശയുള്ള കടബാധ്യതമൂലം നിലനില്‍പ്പുതന്നെ അപകടത്തിലായ സ്ഥിതിവിശേഷത്തിലാണ്.
എച്ച്ഒസി അടച്ചുപൂട്ടാന്‍ എടുത്ത തീരുമാനത്തില്‍ നിന്നും കേന്ദ്രഗവണ്‍മെന്റ് ഭാഗികമായി പിന്നോട്ടുപോയിട്ടുണ്ടെങ്കിലും രാസായനി യൂണിറ്റിലെ ഒരു പ്ലാന്റൊഴികെ മറ്റു പ്ലാന്റുകള്‍ അടച്ചുപൂട്ടാനും ഒരെണ്ണം ഐഎസ്ആര്‍ഒക്ക് കൈമാറാനും സ്ഥലം മുഴുവന്‍ വില്‍ക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം പ്രഖ്യാപിക്കുമ്പോഴും കൊച്ചി യൂണിറ്റിനെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഉള്‍പ്പടെയുള്ള രാജ്യത്തെ പോര്‍ട്ടുകളെല്ലാം ഒരു അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം കേന്ദ്രഗവണ്‍മെന്റ് നടത്തുന്നത് പോര്‍ട്ട് ട്രസ്റ്റുകളുടെ കൈവശമുള്ള രണ്ടരലക്ഷത്തിലധികം ഏക്കര്‍ സ്ഥലം വില്‍പ്പനയ്ക്ക് വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏകദേശം 50,000 കോടിയിലധികം ആസ്തിയുള്ള ഭാരത് എര്‍ത്ത് മൂവേഴ്‌സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തീവ്രമായി നടക്കുകയാണ്.
പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ 2 വര്‍ഷമൊഴികെ മുഴുവന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ആരോഗ്യമേഖലയില്‍ വിപ്ലവകരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതുകൊണ്ട് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചമട്ടാണ്. എച്ച്‌ഐഎല്‍ഉം വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ കപ്പല്‍ശാല വികസന പദ്ധതികളുടെ പേരുപറഞ്ഞ് ഓഹരി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഓഹരിവില്‍പ്പനയ്‌ക്കെതിരെ കപ്പല്‍ശാല തൊഴിലാളികള്‍ പണിമുടക്കടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് ഐടിഐ നിലനില്‍പ്പിനുതന്നെ അപകടത്തിലാകും വിധത്തിലാണ്. ഈ യൂണിറ്റ് ഇപ്പോഴും ലാഭകരമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്ട്രമെന്റേഷന്‍ കേരളഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം പൊതുമേഖലസംരക്ഷണത്തെ സംബന്ധിച്ച് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഏറെ ആത്മവിശ്വാസം തോന്നുന്ന തീരുമാനമാണ്. എച്ച്എംടി കൊച്ചി യൂണിറ്റ് ലാഭകരമാണെങ്കിലും സ്ഥാപനത്തെ മെച്ചപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രഗവണ്‍മെന്റിനോ മാനേജ്‌മെന്റിനോ താല്‍പര്യമില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ വലിയ തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികളുടെ പരസ്യമോഡലായി പ്രത്യക്ഷപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭരണസംവിധാനങ്ങളും ബിഎസ്എന്‍എല്ലിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
ഇത്തരം നയങ്ങള്‍ക്കെതിരെ വിപുലമായിക്കൊണ്ടിരിക്കുന്ന തൊഴിലാളി ഐക്യത്തിന്റെ പ്രതിഫലനമായിരിക്കും സെപ്റ്റംബര്‍ 13ന്റെ രാജ്ഭവന്‍ മാര്‍ച്ച്.