Wednesday
19 Dec 2018

മാനസിക പീഡനം സഹിക്കാനാകാതെ ഒളിച്ചോടിയ രജനി തിരികെ നാട്ടിലേക്ക്

By: Web Desk | Wednesday 5 December 2018 9:11 PM IST

നവയുഗത്തിലെ മഞ്ജു മണിക്കുട്ടനൊപ്പംരജനി (വലത്)

ദമാം: വീട്ടുടമസ്ഥയുടെ പീഡനം സഹിക്കാനാകാതെ ഒളിച്ചോടിദമാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ടരജനി തിരികെ നാട്ടിലേക്ക്.തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ രജനി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് നാട്ടിലെത്തുന്നത്.

എട്ടു മാസം മുമ്പാണ് രജനി സൗദിയിലെ ജുബൈലില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. സ്‌പോണ്‍സര്‍ നല്ല മനുഷ്യന്‍ ആയിരുന്നു. എന്നാല്‍ അയാളുടെ ഭാര്യയുടെ പെരുമാറ്റം സൗഹൃദപരമായിരുന്നില്ല. തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുകയും, അനാവശ്യമായി ശകാരിയ്ക്കുകയും ചെയ്യുന്ന ശീലമായിരുന്നു ആ സ്ത്രീയുടേത്. എങ്കിലും അവരുടെ എല്ലാ മാനസികപീഡനങ്ങളും സഹിച്ചു രജനി അവിടെ പിടിച്ചു നിന്നു.

എന്നാല്‍ പിന്നീട് സ്‌പോണ്‍സറുടെ ഭാര്യ കൂടുതല്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ദേഷ്യപ്പെട്ട് ദേഹോപദ്രവം തുടങ്ങുകയും ചെയ്തപ്പോള്‍ രജനിയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഒരു രാത്രി ആരുമറിയാതെ ആ വീട്ടില്‍ നിന്നും അവര്‍ ഒളിച്ചോടിഎങ്ങോട്ടു പോകണമെന്നറിയാതെ. ജുബൈലിലെ ഒരു ഷോപ്പിംഗ് മാളിന്റെ കാര്‍ പാര്‍ക്കിങ് ഏരിയായില്‍ രാത്രി കഴിച്ചു കൂട്ടിയ രജനിയെ രാവിലെ അവിടെയെത്തിയ ചില മലയാളികള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പൊലീസുകാര്‍ അവരെ ദമാം വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് രജനി സ്വന്തം അവസ്ഥ പറഞ്ഞ് നാട്ടിലേയ്ക്ക് തിരികെപോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രജനിയുടെ സ്‌പോണ്‍സറെ നേരില്‍ ബന്ധപ്പെട്ട് സംസാരിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രജനിയ്ക്ക് എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

മഞ്ജുവിന്റെ സഹായ അഭ്യര്‍ത്ഥന മാനിച്ച് പഞ്ചാബ് സ്വദേശിയായ ഡി എസ് ലോവല്‍ വാടന്‍ രജനിയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രജനി നാട്ടിലേയ്ക്ക് മടങ്ങി.