Tuesday
21 Aug 2018

രാജാവിന്റെ തോളില്‍ സവാരി ചെയ്ത മുത്തശ്ശി

By: Web Desk | Sunday 1 April 2018 1:21 AM IST

സന്തോഷ് പ്രിയന്‍

അച്ഛനും അമ്മയുമൊന്നുമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയായിരുന്നു കുഞ്ഞിമാളു. മുത്തശ്ശിയോടൊപ്പമാണ് കുഞ്ഞിമാളുവിന്റെ താമസം. മുത്തശ്ശിക്ക് കുഞ്ഞിമാളുവിനെ എന്തിഷ്ടമായിരുന്നെന്നോ.
അങ്ങനെയിരിക്കെ മുത്തശ്ശി അസുഖം ബാധിച്ച് കിടപ്പായി. എപ്പോഴും കിടപ്പ് തന്നെ കിടപ്പ്. പാവം കുഞ്ഞിമാളുവിന് സങ്കടം സഹിച്ചില്ല. ഊണും ഉറക്കവുമില്ലാതെ അവള്‍ മുത്തശ്ശിയെ അടുത്തിരുന്ന് ശുശ്രൂഷിച്ചു.
ഒരു ദിവസം മുത്തശ്ശി പറഞ്ഞു.
‘മോളേ, ഇനി ഞാന്‍ അധികം നാള്‍ ജീവിച്ചിരിക്കില്ല. എനിക്ക് അവസാനമായി ഒരു ആഗ്രഹമുണ്ട്. അതൊന്നു സാധിച്ചു തരാമോ?’
‘എന്ത് ആഗ്രഹമായാലും പറഞ്ഞോളൂ മുത്തശ്ശീ. ഞാന്‍ സാധിപ്പിച്ചു തരാം.’ കുഞ്ഞിമാളു പറഞ്ഞു.
‘കുഞ്ഞിമാളൂ, നമ്മുടെ നാട് ഭരിക്കുന്ന പൊന്നുതമ്പുരാന്റെ ചുമലില്‍ കയറിയിരുന്ന് എനിക്കൊരു സവാരി നടത്തണം. അതാണ് എന്റെ അവസാനത്തെ ആഗ്രഹം.’
അതുകേട്ട് കുഞ്ഞിമാളു ഞെട്ടിപ്പോയി. -ഹെന്ത്, മഹാരാജാവിന്റെ ചുമലില്‍ കയറി സവാരി ചെയ്യണമെന്നോ? അതെങ്ങനെ സാധിക്കും? ഈ ഒരാവശ്യവുമായി ചെന്നാല്‍ തല പോയതുതന്നെ. കുഞ്ഞിമാളു ഇത് പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞു. ‘നീ പേടിക്കേണ്ട. ഇത് സാധിക്കാനുള്ള വഴിയും ഞാന്‍ പറഞ്ഞുതരാം.’
മുത്തശ്ശി പറഞ്ഞുകൊടുത്തതൊക്കെ ശ്രദ്ധിച്ചുകേട്ട് കുഞ്ഞിമാളു കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. രാജാവിനെ മുഖം കാണിച്ചിട്ട് അവള്‍ ഉണര്‍ത്തിച്ചു.
‘പൊന്നു തമ്പുരാനേ……അടിയന്‍ ദൂരെ ഗ്രാമത്തില്‍ നിന്നും വരികയാണേ. എന്റെ മുത്തശ്ശി ഇന്നലെ രാത്രി മരിച്ചു. പക്ഷേ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മുത്തശ്ശി ജീവന്‍ വച്ചു വീണ്ടും എഴുന്നേറ്റു. മരിച്ച് സ്വര്‍ഗത്തില്‍ ചെന്ന മുത്തശ്ശി അവിടെ വച്ച് അങ്ങയുടെ മരിച്ചുപോയ അച്ഛനെ കണ്ടുവത്രെ. അങ്ങയോട് പറയാന്‍ അദ്ദേഹം എന്തോ മുത്തശ്ശിയോട് പറഞ്ഞയയ്ക്കുകയും ചെയ്തു.
അപ്പോള്‍ അതെന്താണെന്ന് അറിയാന്‍ രാജാവിന് വല്ലാത്ത ആഗ്രഹമായി. ഉടന്‍ അദ്ദേഹം കുഞ്ഞിമാളുവിനെയും കൂട്ടി രാജഭടന്മാര്‍ക്കൊപ്പം മുത്തശ്ശിയുടെ അടുത്തെത്തി.
‘പറയൂ, എന്റെ മരിച്ചുപോയ പിതാവ് എന്താണ് പറഞ്ഞത്?’ രാജാവ് ചോദിച്ചു. സ്വര്‍ഗത്തില്‍ വച്ച് രാജാവിന്റെ അച്ഛന്‍ പറഞ്ഞതെന്താണെന്ന് മുത്തശ്ശിക്ക് ഒട്ടും ഓര്‍മ്മ വരുന്നില്ല.
അതുകേട്ടപ്പോള്‍ രാജാവിന്റെ മുഖം വാടി. അപ്പോള്‍ മുത്തശ്ശി പറഞ്ഞു.
‘രാജാവേ, അതിനൊരു വഴിയുണ്ട്. സ്വര്‍ഗത്തില്‍ വച്ച് അങ്ങയുടെ അച്ഛന്‍ അടിയനെ ചുമലില്‍ ഇരുത്തി നടന്നുകൊണ്ടാണ് അതു പറഞ്ഞത്. ചിലപ്പോള്‍ അങ്ങയുടെ ചുമലില്‍ ഇരുന്നാല്‍ അക്കാര്യം എനിക്ക് ഓര്‍മ്മ വന്നേക്കും.’
അതുകേട്ടപ്പോള്‍ രാജാവ് ഭടന്മാരെകൊണ്ട് മുത്തശ്ശിയെ അദ്ദേഹത്തിന്റെ ചുമലില്‍ കയറ്റി ഇരുത്തിച്ചു. എന്നിട്ട് രാജാവ് മുത്തശ്ശിയേയും ചുമലില്‍ വച്ചു പതുക്കെ നടന്നു. അല്‍പം ദൂരം നടന്നതേയുള്ളു. മുത്തശ്ശി പറഞ്ഞു.
‘ങാ… ഓര്‍മ്മ വന്നു. അങ്ങയുടെ അച്ഛന്‍ പറഞ്ഞയച്ചത് ഇതാണ്. എപ്പോഴും ജനങ്ങളുടെ നന്മ മനസില്‍ കാണണം. ധൂര്‍ത്തും യുദ്ധങ്ങളുമൊന്നും ഇല്ലാതെ നോക്കണം. എന്നാലെ നാടു നീങ്ങുമ്പോള്‍ അച്ഛനെപോലെ അവിടുത്തേക്കും സ്വര്‍ഗത്തിലെത്താന്‍ പറ്റു.’
രാജാവിന് അതുകേട്ടപ്പോള്‍ സന്തോഷമായി. മരിച്ചുപോയ അച്ഛന്റെ ഉപദേശമല്ലേ. ഇതെല്ലാം മുത്തശ്ശിയുടേയും കുഞ്ഞിമാളുവിന്റെയും സൂത്രമാണെന്ന് അദ്ദേഹമുണ്ടോ അറിയുന്നു. കുഞ്ഞിമാളുവിനും മുത്തശ്ശിക്കും ധാരാളം സമ്മാനങ്ങള്‍ നല്‍കി അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങി.
അപ്പോള്‍ കുഞ്ഞിമാളു പറഞ്ഞു.
‘എന്നാലും എന്റെ മുത്തശ്ശീ….എങ്ങനെ തോന്നി ഇങ്ങനെയൊരു മോഹം.? കള്ളി വെളിച്ചത്താകാഞ്ഞത് ഭാഗ്യം. എങ്കില്‍ തല പോയേനെ’
അതുകേട്ട് മുത്തശ്ശി കുടിലിനകത്തു ചെന്ന് ഒരു വെള്ളിക്കോലുമായി തിരിച്ചുവന്നു. എന്നിട്ട് മോണ കാട്ടി കള്ളച്ചിരിയോടെ പറഞ്ഞു. ‘രാജാവിന്റെ ചുമലില്‍ കയറണമെന്ന് ഞാന്‍ പറഞ്ഞത് വെറുതെയല്ല. പണ്ട് വഴിയാത്രക്കാരനായ ഒരു സന്യാസിക്ക് വയറു നിറയെ ആഹാരം കൊടുത്തപ്പോള്‍ അദ്ദേഹം സമ്മാനമായി തന്നതാ ദിവ്യശക്തിയുള്ള ഈ വെള്ളിക്കോല്‍. ഇതില്‍ ഒരു രാജാവിന്റെ തലമുടി കെട്ടിയിടണം. പിന്നെ എന്ത് ആഗ്രഹിച്ചാലും സാധിക്കും. രാജാവിന്റെ മുടി കൈക്കലാക്കാനല്ലേ ഞാന്‍ ഈ പാടൊക്കെ പെട്ടത്. രാജാവിന്റെ ചുമലില്‍ കയറിയിരുന്നപ്പോള്‍ ഞാന്‍ സൂത്രത്തില്‍ ഒരു മുടിനാര് പിഴുതെടുത്തു. ഇത്രയും കാലം ഇതിനുള്ള ധൈര്യം വരാത്തതുകൊണ്ടാ ഈ വെള്ളിക്കോല് പുറത്തെടുക്കാതിരുന്നത്. ഇനി ഞാന്‍ മരിച്ചാലും നിനക്ക് കഷ്ടപ്പാടില്ലാതെ ജീവിക്കാം….. ഈ മാന്ത്രികക്കോലിന്റെ സഹായത്തോടെ.’
അതുകേട്ട് കുഞ്ഞിമാളു അത്ഭുതം കാരണം മിണ്ടാന്‍പോലുമാവാതെ മിഴിച്ചുനിന്നുപോയി.