Monday
23 Jul 2018

രാജേഷ് വധം: അലിഭായിയുടെ സഹായി അപ്പുണ്ണി പിടിയില്‍

By: Web Desk | Tuesday 17 April 2018 11:49 AM IST

തിരുവനന്തപുരം:

റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാം പ്രതി അപ്പുണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതിയായ അലിഭായിയുടെ സഹായിയായിരുന്ന അപ്പുണ്ണിയെ തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റുചെയ്തത്, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് അപ്പുണ്ണി. കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തത് രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ മുന്‍ഭര്‍ത്താവായ സത്താറാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സത്താര്‍ സുഹൃത്തായ അലിഭായിക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. അലിഭായി നാട്ടിലെ സുഹൃത്തായ അപ്പുണ്ണിയെ കൊലപാതകത്തിന് കൂടെ കൂട്ടുകയായിരുന്നു.

ആയുധങ്ങളെത്തിക്കുക, വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുക, കൃത്യത്തിന് ശേഷം ഒളിവില്‍ താമസിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തത് അപ്പുണ്ണിയാണ്. അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകവും ആസൂത്രണവും നടത്തിയത്. കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് മുങ്ങിയ അപ്പുണ്ണി കഴിഞ്ഞദിവസം പൊലീസിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

കേസിലെ മുഖ്യപ്രതിയായ അലിഭായിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനായെങ്കിലും അപ്പുണ്ണിയെ പിടികൂടാനാകാതിരുന്നത് അന്വേഷണസംഘത്തിന് വലിയ ക്ഷീണമായിരുന്നു. കേസിലെ മറ്റുപ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വിദേശത്തുള്ള സത്താറിനെ മാത്രമാണ് കേസില്‍ ഇനി പിടികൂടാനുള്ളത്.