Wednesday
21 Nov 2018

രാജ്യസഭ എം പിമാരില്‍ 88 ശതമാനം പേര്‍ കോടീശ്വരന്മാര്‍

By: Web Desk | Wednesday 28 March 2018 10:38 PM IST

ന്യൂഡല്‍ഹി: രാജ്യസഭ എം പിമാരില്‍ 88 ശതമാനം പേര്‍ കോടീശ്വരന്മാരെന്ന് കണ്ടെത്തല്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

55 കോടിയാണ് രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി. 229 രാജ്യസഭാ എം പിമാരുടെ ആസ്തികള്‍ വിലയിരുത്തിയതില്‍ 201 പേരും കോടികളുടെ സ്വത്തുള്ളവരാണെന്നാണ് എഡിആര്‍ വെളിപ്പെടുത്തിയത്.

ജനതാദള്‍ (യു) എം പി മഹേന്ദ്രപ്രസാദാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എം പി. 4,078.41 കോടിയാണ് മഹേന്ദ്രപ്രസാദിന്റെ ആസ്തി. 1,001.64 കോടി രൂപയുടെ ആസ്തിയുമായി സമാജ്‌വാദി പാര്‍ട്ടി എംപി ജയയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി എം പി രവിചന്ദ്ര കിഷോര്‍ സിന്‍ഹക്ക് 857.11 കോടിയുടെ ആസ്തിയാണുള്ളത്.64 ബിജെപി അംഗങ്ങളുടെ ശരാശരി ആസ്തി 27.80 കോടി രൂപയാണ്. 40.98 കോടി രൂപയാണ് 50 കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി. 229 രാജ്യസഭാംഗങ്ങളില്‍ 51 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ 20 പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളാണെന്നാണ് റിപ്പോര്‍ട്ട്.