Monday
25 Jun 2018

രാജ്യസഭാ സീറ്റ്: നാടുനീളെ നേതാക്കളുടെ കോലം കത്തിച്ചു

By: Web Desk | Friday 8 June 2018 10:04 PM IST

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ്സ് തീരുമാനത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നേതാക്കളുടെ കോലം കത്തിച്ചും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചും പോസ്റ്ററുകള്‍ കീറിയും ബോര്‍ഡുകള്‍ നശിപ്പിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കളമശ്ശേരി മണ്ഡലത്തില്‍ മുപ്പത്തടത്ത് ജിന്‍ഷാദ് ജിനാസിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെയും കെ എം മാണിക്കെതിരെയുമാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പടങ്ങള്‍ ഒട്ടിച്ച കോലം കത്തിക്കുകയും ചെയ്തു. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ സ്ഥാനമാനങ്ങള്‍ രാജിവച്ചിട്ടുണ്ട്. എറണാകുളം നഗരത്തില്‍ രാജേന്ദ്രമൈതാനത്തിന് സമീപത്തെ ഗാന്ധി പ്രതിമക്ക് സമീപം പദ്മദാസിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ നേതാക്കളുടെ ചിത്രങ്ങള്‍ വലിച്ചുകീറി.

തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്അഡ്വ എം വി എസ് നമ്പൂതിരി കോണ്‍ഗ്രസില്‍ നിന്നും അഭിഭാഷക സംഘടനയില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസിലെ ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെഎസ് ശബരിനാഥന്‍, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരാണ് തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.

Related News