Saturday
23 Jun 2018

ആള്‍ദൈവങ്ങളും അധികാരരാഷ്ട്രീയവും

By: Web Desk | Saturday 9 September 2017 1:47 AM IST

കെ ജി ശിവാനന്ദന്‍

ണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരിക്കുന്ന എപ്പിക്യൂറസ് എന്ന ഗ്രീക്കു ചിന്തകന്‍ തിന്മയും ദൈവവും തമ്മിലുളളബന്ധത്തെപ്പറ്റി പൊതുസമൂഹത്തിന്റെ മുമ്പാകെ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ”ദൈവം നന്മനിറഞ്ഞവനാണെങ്കില്‍ ലോകത്തില്‍ തിന്മയെങ്ങിനെയുണ്ടായി?” എന്ന ചോദ്യമായിരുന്നു അത്. തിന്മയെ എങ്ങിനെ ഇല്ലാതാക്കാം, മനുഷ്യ സമൂഹത്തെ നന്മയിലേക്ക് എങ്ങിനെ നയിക്കാം എന്നിങ്ങനെയുളള അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് വിശേഷിക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ മനുഷ്യരുടെ ഇടയില്‍ നിന്നും ഉണ്ടായി. അവതാരങ്ങള്‍,പ്രവാചകന്‍മാര്‍, സിദ്ധന്‍മാര്‍, പുരോഹിതന്‍മാര്‍, മന്ത്രവാദികള്‍, വെളിച്ചപ്പാടുകള്‍ എന്നീ വിശേഷണങ്ങളോടെ ഓരോ സമൂഹത്തിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നടേ പറഞ്ഞ വ്യഖ്യാതാക്കള്‍ക്കൊന്നും മനുഷ്യ സമൂഹത്തെ തിന്മയില്‍ നിന്ന് വിമോചിപ്പിക്കുവാന്‍ കഴിഞ്ഞില്ലായെന്നത് യാഥാര്‍ത്ഥ്യം മാത്രം. ദൈവത്തിന്റെ ഈ പ്രതിപുരുഷന്മാരെ (സ്ത്രീകളെയും) സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാനുളള ഉപാധിയൊരുക്കുകയാണ് ചൂഷകവര്‍ഗ്ഗം ചെയ്യുന്നത്.
എല്ലാ മതവിഭാഗങ്ങളിലും നിന്നും ആള്‍ ദൈവങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ട്. പ്രശസ്തരും അപ്രശസ്തരുമായിട്ടുളള ഒട്ടേറെ ആള്‍ദൈവങ്ങള്‍ ഇന്ന് ഭൂമുഖത്ത് ഉണ്ട്. ഇന്ത്യയില്‍ ഇത്തരം ദൈവങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്.
സംഘര്‍ഷഭരിതമായ ഈ ലോകത്ത് മനസിന്റെ സംഘര്‍ഷവും അധികരിച്ചിരിക്കുന്നു. മനുഷ്യ സമൂഹം അന്യവല്‍ക്കരണത്തിന് അടിമപ്പെട്ടിരിക്കുന്നു. മനുഷ്യ മനസിന്റെ ഈ നോവിനും നൊമ്പരങ്ങള്‍ക്കും ശാന്തി പകരാന്‍ പരമ്പരാഗതദൈവങ്ങള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും കഴിയാതെ പോകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ആള്‍ ദൈവങ്ങള്‍ ആശ്രയ കേന്ദ്രങ്ങളാകുന്നു. ആള്‍ ദൈവങ്ങളുടെ പ്രവര്‍ത്തനം മിക്കവാറും കുടുംബഘടനാധിഷ്ഠിതമാണ്. പുരുഷനാണെങ്കില്‍ പിതാവെന്നും സ്ത്രീയാണെങ്കില്‍ മാതാവെന്നുമായിരിക്കും ഭക്തര്‍ ആള്‍ദൈവങ്ങളെ അഭിസംബോധന ചെയ്യുക. അനുയായികള്‍ ആള്‍ദൈവങ്ങള്‍ക്ക് പ്രായഭേദമെന്യെ മക്കളായിരിക്കും.
ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ആള്‍ ദൈവങ്ങളില്‍ മിക്കവരും ആധുനിക രാഷ്ട്രീയത്തിലെ ഭരണകൂടത്തോടും മത മൗലിക വംശീയ രാഷ്ട്രീയത്തോടും ഇണങ്ങി ചേര്‍ന്ന് പോകുന്നവരാണ്. പുതിയ വെളിപ്പാടുകളുമായി പ്രത്യക്ഷപ്പെടുന്ന ആള്‍ ദൈവങ്ങള്‍ അവരുടെ പേരില്‍ പുതിയ മതങ്ങള്‍ ഒന്നും സ്ഥാപിക്കാറില്ല. സാമ്പ്രദായിക മതവിശ്വാസങ്ങളുടെ പ്രചാരകവേഷമാണ് ഇവരിലധികവും കെട്ടാറുളളത്. ജനങ്ങളെ മതാത്മകരാഷ്ട്രീയത്തിലേക്ക് അണിചേര്‍ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് പ്രകടിപ്പിക്കാറുളളത്. അങ്ങിനെ അധികാര രാഷ്ട്രീയ കേന്ദ്രങ്ങളുമായി ഒത്തു പോകാനുളള പരിശ്രമത്തിലാണ് മിക്കവരും. ഫാസിസ്റ്റുകള്‍ ജനങ്ങളെ രാഷ്ട്രീയമായി കബളിപ്പിക്കുന്നു. ആള്‍ദൈവങ്ങള്‍ ജനങ്ങളെ ആത്മീയമായി വഞ്ചിക്കുന്നു. അത്ഭുത പ്രവൃത്തിയിലൂടെയും രോഗവിമുക്തിയിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന പ്രചാരണത്തിലൂടെ ഭക്തസമൂഹത്തെ സൃഷ്ടിക്കുകയാണ് പൊതുവെ ആള്‍ ദൈവങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെയുളള ഒരാള്‍ദൈവമായിരുന്നു ഭഗവാന്‍ സത്യസായിബാബ.ശൂന്യതയില്‍ നിന്ന് ഭസ്മമെടുത്ത് ഭക്തരെ വിസ്മയിപ്പിച്ചിരുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. പൗരപ്രമുഖര്‍ക്ക് ശൂന്യതയില്‍ നിന്ന് കിട്ടുന്ന സമ്മാനങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. ഒരിക്കല്‍ പ്രധാനമന്തിയായിരുന്ന ജവഹര്‍ലാല്‍നെഹ്‌റുവിന് ഒരു വാച്ച് സമ്മാനി്ച്ചു. ശൂന്യതയില്‍ നിന്ന് എടുത്ത് സമ്മാനിച്ച വാച്ച് എച്ച്എംടി കമ്പനി നിര്‍മ്മിച്ച ഒന്നായിരുന്നു. സ്വന്തമായി നിര്‍മ്മിച്ച ഒരു വാച്ച് സമ്മാനമായി നല്‍കി കൂടെയെന്നായിരുന്നു നെഹ്‌റുവിന്റെ പ്രതികരണം. നെഹ്‌റുവിന്റെ ചോദ്യത്തിനു മുന്നില്‍ ഭഗവാന്‍ ബാബ മൗനി ബാബയായി നിന്നതേയുള്ളു. ഇന്നത്തെ ഭരണാധികാരികള്‍ ബാബമാര്‍ക്കു മുന്നില്‍ സാഷ്ടാംഗം വീണ് നമസ്‌കരിക്കുകയാണ്.
സാമ്രാജ്വത്വ മൂലധന ശക്തികളുടെ ഇഷ്ടതോഴന്‍മാരാണ് ആള്‍ ദൈവങ്ങള്‍. അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സികളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് പല ആള്‍ദൈവങ്ങളും. ജനക്കൂട്ടത്തെ മാസ്ഹിസ്റ്റീരിയയ്ക്ക് വിധേയരാക്കുകയും അതു വഴി ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് കോര്‍പ്പറേറ്റുകളുടെ പ്രത്യയശാസ്ത്രം സാധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതില്‍ അതിവിദഗ്ധ പങ്കാണ് ആള്‍ദൈവങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ജനാധിപത്യത്തിലൂടെ തങ്ങള്‍ക്കനുകൂലമായ പരിസ്ഥിതി ഒരുക്കുകയും ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമീപനമാണ് ഇവര്‍ക്കുളളത്. മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ക്ക് അതീതരാണ് ആള്‍ ദൈവങ്ങളെന്നാണ് അനുയായികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ആള്‍ദൈവം കുറ്റക്കാരനായി നിയമത്തിന്റെ മുന്നില്‍ വന്നാല്‍ ഭക്തസമൂഹം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിരു കടന്ന ഇത്തരത്തിലുളള ഭക്തി അക്രമത്തിന് പ്രേരണയാകുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്ആള്‍ദൈവമായ ഗുര്‍മിത് റാം റഹീം സിങ് സ്ത്രീ പീഡനകേസില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയ ഹരിയാന ഹൈക്കോടതി വിധിയും അതിനെ തുടര്‍ന്നുണ്ടായി കലാപങ്ങളും.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുപകരം കുറ്റവാളിയെ പ്രീണിപ്പിക്കുകയാണ് ഭരണകൂടം ചെയ്തത്. ബിജെപി സര്‍ക്കാരിന്റെ ഈ നീചപ്രവൃത്തിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രധാനമന്തി ഇന്ത്യയിലെ എല്ലാവരുടേയും പ്രധാനമന്തിയാണെന്ന വിമര്‍ശന ഭാഷ്യത്തോടെ കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് അനുയായികളുളള ദേരാ സച്ചാ സൗദ എന്ന സംഘടനയുടെ തലവന്‍ കൂടിയായ ഗുര്‍മിതിന്റെ പിന്തുണ ലഭിച്ചതു കൊണ്ടാണ് കേന്ദ്രത്തില്‍ മോഡിയുടേയും സംസ്ഥാനത്ത് ഖട്ടറിന്റേയും നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായതെന്ന് ബിജെപി വിശ്വസിച്ചിരുന്നു. അതിനാലാണ് പഞ്ചകുളയും പരിസരങ്ങളും കത്തിയെരിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ മോഡി നീറോയേപ്പോലെ വീണവായിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇസഡ് കാറ്റഗറി സംരക്ഷണത്തിന്റെ തണലിലാണ് സ്ത്രീ പീഡനോല്‍സവങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടത്തിയത്.
ഗുര്‍മിതിനെപോലെ മോഡി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ സഹായിച്ച നിരവധി സ്വാമിമാര്‍ ഉണ്ട്. അതിലൊരാളാണ് ശ്രീ ശ്രീ രവിശങ്കര്‍. ശ്വസനക്രിയയിലൂടെ മോക്ഷം വാഗ്ദാനം ചെയ്ത് കോടികള്‍ സമ്പാദിച്ച പഞ്ചനക്ഷത്ര സ്വാമിയാണദ്ദേഹം. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ”മാറ്റത്തിനു വേണ്ടി വോട്ട് ചെയ്യണം. അഴിമതിക്കെതിരെ വരുന്ന താല്‍ക്കാലിക ആളുകള്‍ക്ക് വോട്ട് ചെയ്യരുത്. ആം ആദ്മിയുടെ ജനപ്രിയ അരാജകത്വത്തിന് വോട്ട് ചെയ്യരുത്” ഇതായിരുന്നു. സ്വാമി രാജ്യമാകെ നടത്തിയ ആഹ്വാനം.
കോര്‍പ്പറേറ്റുകളെപ്പോലെ സമ്പത്തും ലാഭവും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഭക്തിവ്യസായ സാമ്രാജ്യത്വം കെട്ടിപ്പടുക്കുകയാണ് ആള്‍ ദൈവങ്ങളുടെ ലക്ഷ്യം. അതിനായി അതിസമ്പന്നരുടെ ആശ്രിത വലയം തന്നെയുണ്ട്. ആഗോളീകരണത്തിന്റെ ഗുണഭോക്താക്കള്‍, അഴിമതിക്കെതിരായ രാഷ്ട്രീയ നേതാക്കള്‍, ബ്രൂറോ ക്രാറ്റുകള്‍, മദ്യം – മയക്കുമരുന്ന് മാഫിയകള്‍, ക്രിമിനല്‍ മൂലധനക്കാര്‍ – ഇവരെല്ലാം ഈ ആശ്രിത വലയത്തിന് ശക്തിപകരുന്നവരാണ്. ഇവര്‍ക്കൊപ്പംഅരക്ഷിതബോധത്തിലാണ്ടുപോയ യുവജനങ്ങളും ചെന്നെത്തിയിരിക്കുന്നു. സാമ്പത്തിക ശക്തിയാല്‍ക്കെട്ടിപ്പൊക്കിയ സൗധങ്ങളാണ് ആശ്രമങ്ങള്‍ അഥവാ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഇവയില്‍ പലതും ലൈംഗികഅരാജകത്വത്തിന്റെ പറുദീസകളാണ്. ഇങ്ങിനെയുളള ഒരാള്‍ ദൈവമായിരുന്നു ഭഗവാന്‍ രജനീഷ്. മധ്യപ്രദേശിലെ ചെറു പട്ടണമായ വാദയിലാണ് ജനിച്ചത്. ഏതാനും ബിസിനസ്സുകാര്‍ ചേര്‍ന്ന് രജനീഷ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് പൂനയില്‍ ഒരു ആറേക്കര്‍ തോട്ടം വാങ്ങിയതോടെയാണ് ആശ്രമം തഴച്ച് വളര്‍ന്നത്. പിന്നീട് അമേരിക്കയില്‍ കുടിയേറി ഒറിഗോണില്‍ വാങ്ങിയ 67229 ഏക്കര്‍ കൃഷിയിടത്തിന്റെ ഉടമയായി ഡോളര്‍ കണക്കിന് പണം കുന്നുകൂടുന്നതും റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങുന്നതും സ്വര്‍ണ്ണം, പ്ലാറ്റിനം വാച്ചുകളുടെ ശേഖരം ഒരുക്കുന്നതും ഒരു വിനോദം പോലെ ആഘോഷിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. രതിജ്ഞാന ദീപ്തിയെന്ന സ്വതന്ത്ര ലൈംഗികത ആഘോഷിക്കാനും ആനന്ദിക്കാനും എത്തിയ പതിനായിരക്കണക്കിന് ശിഷ്യസമ്പത്തിന്റേയും സമ്പത്തിന്റേയും ഉടമയായിരുന്നു രജനീഷ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാമ്പത്തിക ശക്തിയുളള ആള്‍ ദൈവങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. ആഗോളവത്ക്കരണ സാമ്പത്തിക നയത്തിന്റെ വരവോടെ സമ്പന്ന സ്വാമിമാരുടേയും സ്വാമിനിമാരുടേയും ഭക്തിവ്യവസായത്തോടൊപ്പം വ്യവസായ സാമ്രാജ്യവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യോഗാഭ്യാസിയും സന്ന്യാസിയുമായബാബ രാം ദേവ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുളള സാധനങ്ങളുടേയും ഔഷധങ്ങളുടേയും ഉല്‍പ്പാദനവും വിതരണവും ചെയ്തുകൊണ്ട് ഒരു കോര്‍പ്പറേറ്റ് ദൈവമായി മാറിയിരിക്കുന്നു. ജനകോടികള്‍ ദര്‍ശിക്കുന്ന സൂപ്പര്‍ സ്പീഡിലുളള അത്ഭുതകരമായ വളര്‍ച്ചയ്ക്ക് അവസരം കൈവന്നത് മോഡിയുടെ സന്ന്യാസി സംരക്ഷണ ഭരണത്തിലാണ്. കേരളത്തില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന പെണ്‍ ദൈവമായ അമൃതാനന്ദമയിയുടെ മഠം കേന്ദ്രീകരിച്ചും ഭക്തിവ്യവസായത്തോടൊപ്പം വ്യവസായ സാമ്രാജ്യവും വളര്‍ന്നിട്ടുണ്ട്.
ആള്‍ ദൈവങ്ങളുടെ ആശ്രമങ്ങള്‍ ലൈംഗിക പീഡന കേന്ദ്രങ്ങളാണെന്ന ആരോപണം ശക്തമാണ്. ഇരുപത് വര്‍ഷം ആശ്രമ ജീവിതം നയിച്ച ഗായത്രി എന്ന പേരില്‍ അറിയപ്പെട്ട ഗെയ്ല്‍ ട്രേഡ് വെലന്‍ എന്ന വിദേശ വനിത രചിച്ച ”വിശുദ്ധനരകം” വിശ്വാസത്തിന്റേയും ആരാധനയുടേയും ശുദ്ധ ഭ്രാന്തിന്റേയും ഓര്‍മ്മക്കുറിപ്പുകള്‍” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം നല്‍കുന്ന വിവരണങ്ങള്‍ ആശ്രമത്തിലെ അരാജകത്വ ലൈംഗികതയുടെയും പീഡനങ്ങളുടേയും വെളിപ്പെടുത്തല്‍ കൂടിയാണ്. ഈ ആശ്രമത്തില്‍വെച്ച് തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിഹാറിലെ ഗയ ജില്ലയില്‍പ്പെട്ട ഷെര്‍ഹാട്ടി എന്ന ഗ്രാമത്തില്‍ നിന്ന് എത്തിയ വിദ്യാസമ്പന്നനും ആത്മീയാന്വേഷകനും യുവാവുമായ സത്‌നാം സിങ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ യുവാവിന്റെ ദേഹത്ത് 77 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിരിക്കുന്നു. ഇതിനു സമാനമായ ഒരു മരണം മൂന്നുപതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഇതേ ആശ്രമത്തില്‍ കൊടുങ്ങല്ലൂര്‍ സ്വാദേശിയായ നാരായണന്‍ കുട്ടിക്ക് സംഭവിച്ചു.
ലൈംഗിക പീഡനകേന്ദ്രങ്ങളായി മാറിയ പല ആശ്രമങ്ങളിലേയും ആള്‍ദൈവങ്ങള്‍ സ്തീ പീഡന കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഇന്ന് നിത്യ വാര്‍ത്തയാണ്. കേരളത്തില്‍ സ്വാമി സന്തോഷ് മാധവന്‍ ജയിലില്‍ കിടക്കുകയാണ്. ഇന്‍ഡോറിലെ സന്ന്യാസി ശ്രേഷ്ഠന്‍ ആസാറാം ബാപ്പു പീഡനകേസില്‍ വിചാരണ നേരിടുകയാണ്. സ്വാമി നിത്യാനന്ദയുടെ ബംഗളൂരു ആശ്രമത്തിലെ കാമ മാരകേളി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വാമിയും കോടതി കയറി. പുറത്തറിയാത്ത പീഡനക്കഥകള്‍ ഇനിയും ഏറെയുണ്ട്.
ആധുനിക ലോകം ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വളര്‍ച്ചകൊണ്ടും വിവരവിജ്ഞാനങ്ങള്‍ കൊണ്ടും സമ്പന്നമാണ്. അസമത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അന്ധവിശ്വാസജടിലമായ ചൂഷണത്തിന് മതാത്മക രാഷ്ട്രീയം ഉപയോഗിക്കുന്നത് ആത്മീയ അധോലോകസംഘങ്ങളെയാണ്. ചൂഷണം ചൂഷണമല്ലെന്നും മര്‍ദ്ദനം മര്‍ദ്ദനമല്ലെന്നും ചൂഷകരും ചൂഷിതരും മര്‍ദ്ദകരും മര്‍ദ്ദിതരും ഒപ്പം നിന്നുകൊണ്ടുള്ള ഏകലോകക്രമത്തിനായി, വര്‍ഗ്ഗസമരത്തെ നിഷേധിക്കുന്നതും ചൂഷണാധിഷ്ഠിതവുമായ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് ആള്‍ദൈവങ്ങളെന്ന് മതേതര ജനാധിപത്യ ശക്തികളും മതവിശ്വാസികളും തിരിച്ചറിയണം.