Wednesday
22 Nov 2017

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീല്‍ നോട്ടിസ്

By: Web Desk | Monday 11 September 2017 8:37 PM IST

ദില്ലി:

രാജ്യത്തെഞെട്ടിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണമുന്നയിച്ചതിന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹയ്ക്ക് ബിജെപി വക്കീല്‍ നോട്ടിസ് അയച്ചു. ബിജെപി കര്‍ണാടക സംസ്ഥാന കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ എസ് എസിനെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ബി ജെ പിയുടെ ആവശ്യം. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നുമാണ് നോട്ടിസില്‍ പറയുന്നു.
മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസില്‍ പറയുന്നു. ആര്‍ എസ് എസിനെതിരെ പ്രസ്താവന നടത്തുന്ന എല്ലാവരും ഇത്തരം നിയമനടപടി കരുതിയിരിക്കണമെന്ന ഭീഷണിയും ബിജെപി സംസ്ഥാന വക്താവ് അശ്വന്ത് നാരായണ നല്‍കി.
എന്നാല്‍ ബി ജെ പിയുടെ വക്കീല്‍ നോട്ടീസിനെതിരെ രൂക്ഷമായ ഭാഷയില്‍ തന്നെ രാമചന്ദ്രഗുഹ പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ നിശബ്ദനാക്കാമെന്ന് ബി ജെ പി കരുതേണ്ടെന്ന് ഗുഹ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യയില്‍, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം ടിറ്ററില്‍ കുറിച്ചിട്ടുണ്ട്.