Thursday
21 Jun 2018

ദാനധര്‍മ്മം ധനത്തെ വളര്‍ത്തും

By: Web Desk | Wednesday 13 June 2018 5:18 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി പാളയം ഇമാം, തിരുവനന്തപുരം

വ്രതാനുഷ്ഠാനങ്ങള്‍ക്കൊപ്പം ദാനധര്‍മ്മങ്ങള്‍ക്കും ഏറെ മുന്തിയ പരിഗണന നല്‍കപ്പെട്ട മാസമാണ് റമദാന്‍. മനുഷ്യന്‍റെ കൈയും മനസ്സും പിഴച്ചതുകൊണ്ടാണ് നിസ്വരും ദരിദ്രരും ലോകത്തുണ്ടായത്. ചിലര്‍ ധനം കരുതിവയ്ക്കുകയും കുന്നുകൂട്ടുകയും ചെയ്തപ്പോള്‍ മറ്റുചിലരുടെ സ്ഥിതിയില്‍ വറുതിയും ദാരിദ്ര്യവും കുഴിതോണ്ടി വളര്‍ന്നു. എന്നാല്‍, ദരിദ്രരുടെ അവകാശം നിഷേധിക്കുന്നത്  കൊടും പാപമായാണ് ഇസ്‌ലാം കരുതുന്നത്. ദൈവഹിതാനുസാരം മാത്രമേ ധനസമ്പാദനം പാടുള്ളൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. സമ്പന്നന്‍ തന്‍റെ സമ്പത്തിലൊരു വിഹിതം – നിശ്ചിത വിഹിതം – പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും ഇസ്‌ലാം നിയമരീത്യാ കല്‍പ്പിച്ചിരിക്കുന്നു. പണത്തില്‍ മാത്രമല്ല, സമ്പത്തിലാകെ പാവപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. വ്യത്യസ്ത രീതിയിലുള്ള സമ്പത്തിന്മേല്‍ ഇത്രയിത്ര വിഹിതം പാവപ്പെട്ടവര്‍ക്ക് മാറ്റിവച്ചിരിക്കണമെന്നാണ് നിഷ്‌കര്‍ഷ. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് തന്‍റെ വരുതിയില്‍ കെട്ടിപ്പൂട്ടി വച്ചാല്‍ അത് തന്റെ സമ്പത്തിനെയാകെ ദുഷിപ്പിക്കും. പാവപ്പെട്ടവന്‍റെ വിഹിതം ഏല്‍പ്പിച്ചു കഴിയുമ്പോഴും  യഥാവിധി സക്കാത്ത് നല്‍കുമ്പോഴും മാത്രമേ   തന്റെ വശമുള്ള സമ്പത്ത് ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും ഇസ്‌ലാം കരുതുന്നു.