Wednesday
23 Jan 2019

വ്രതമെടുത്ത് ആരോഗ്യം കൈവരിക്കുക

By: Web Desk | Friday 8 June 2018 4:33 PM IST

imam moulavi suhaib

മൗലവി സുഹൈബ് വിപി
പാളയം ഇമാം, തിരുവനന്തപുരം

മാനസിക പരിവര്‍ത്തനം വ്രതാനുഷ്ഠാനത്തിന്‍റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ആത്മീയനിര്‍വൃതിക്ക് അത് അവലംബവുമാണ്. ശാരീരികാരോഗ്യത്തിനും അത് സഹായകം. ”നിങ്ങള്‍ നോമ്പെടുക്കുക, അതുവഴി നിങ്ങള്‍ക്ക് ആരോഗ്യ സമ്പന്നത കൈവരും” (പ്രവാചകവചനം). റമദാന്‍ കാലത്തെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം വഴി അനുസ്യൂതമായി പ്രവര്‍ത്തിച്ചുപോരുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം രക്തത്തിലെ പഞ്ചസാരയില്‍ നിന്നാണ് നമുക്ക് കൈവരുന്നത്. ഉപവാസവേളയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് ശരീരം സ്വയം മറ്റൊരു പ്രക്രിയയാവിഷ്‌കരിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് പ്രത്യേക രാസപ്രവര്‍ത്തനം വഴി പഞ്ചസാരയാക്കി രക്തത്തിലേക്കു കൊണ്ടുവരുന്നു വെന്നും അങ്ങനെ ശരീരത്തിലെ കൊഴുപ്പ് ക്രമേണ കുറഞ്ഞുവരുന്നു എന്നുമാണ് ശാസ്ത്രമതം. ക്രമപൂര്‍വകം പ്രയോജനപ്പെടുത്തുന്ന നോമ്പുകാലം കഴിയുമ്പോള്‍ ശരീരത്തിന്‍റെ തൂക്കം മൂന്നു മുതല്‍ നാലു കിലോവരെ കുറയുന്നത് സാധാരണമാണെന്നും സ്ഥൂലത, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും ഉപവാസം ഒരൗഷധമായി പരിണമിച്ചിരിക്കുന്നുവെന്നും ഭിഷഗ്വരന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. പഴക്കം ചെന്ന ചില മാനസിക രോഗങ്ങള്‍ക്കും ഉപവാസം ഒരു ചികിത്സയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.