Tuesday
16 Oct 2018

ഈദുല്‍ ഫിത്വര്‍: ആത്മീയതയുടെ വിജയാഘോഷം

By: Web Desk | Thursday 14 June 2018 3:59 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി പാളയം ഇമാം, തിരുവനന്തപുരം

വ്രതസമാപ്തിയുടെ വിജയാഘോഷമാണ് ചെറിയ പെരുന്നാള്‍. സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ശാന്തിമന്ത്രങ്ങളാകുന്ന തക്ബീര്‍ ധ്വനികളാണ് ഇസ്ലാം ഈ ദിനത്തില്‍ ലോകത്തെ കേള്‍പ്പിക്കുന്നത്. ചിട്ടയോടും സൂക്ഷ്മതയോടും കൂടി ഒരു മാസക്കാലം വ്രതം അനുഷ്ഠിച്ചതിന് ശേഷം കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഒത്തുചേരലിനു കൂടി ഈദ് അവസരമൊരുക്കുന്നു. ഈദിന്റെ പ്രഭാതം ആനന്ദത്തിന്‍റേതാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കുട്ടികളും മുതിര്‍ന്നവരും പുതു വസ്ത്രങ്ങള്‍ ധരിച്ചാണ് നമസ്‌കാരത്തിനെത്തുക. പള്ളിമിനാരങ്ങളില്‍നിന്നും നാട്ടുവഴികളില്‍നിന്നും തെരുവീഥികളില്‍നിന്നും ഈദുല്‍ ഫിത്തറിന്‍റെ സംഗീതാത്മകമായ തക്ബീര്‍ മുഴങ്ങും.

ആരാധനകള്‍കൊണ്ട് തപസ്സ് നിര്‍വ്വഹിച്ചവര്‍ക്കുള്ള ആഘോഷമാണ് ഈദ്. ഒരു പെരുന്നാള്‍ ദിനത്തില്‍ പ്രവാചക ഗ്രഹത്തില്‍വെച്ച് പെണ്‍കുട്ടികള്‍ പാട്ടു പാടിയപ്പോള്‍ പ്രവാചകന്‍റെ അരുമശിഷ്യന്‍ അബൂബക്കര്‍ (റ) നീരസം പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു, പ്രവാചക ഭവനത്തിലാണോ നിങ്ങളുടെ പാട്ടും ബഹളവും. വിനയാന്വിതനായ പ്രവാചകന്‍ (സ) പറഞ്ഞു. അബൂബക്കര്‍ അവരെ ഉല്ലസിക്കാന്‍ അനുവദിക്കുക. എല്ലാ സമൂഹങ്ങള്‍ക്കും ആഘോഷങ്ങളുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.

മഹത്തായ ഈ ദിനത്തിന്‍റെ സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല, അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക.

അല്ലാഹു അക്ബര്‍ ! അല്ലാഹു അക്ബര്‍ ! അല്ലാഹു അക്ബര്‍ !

ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍