Sunday
17 Dec 2017

ആള്‍ദൈവം അഴിക്കുള്ളില്‍: 20 വര്‍ഷം കഠിനതടവ്

By: Web Desk | Tuesday 29 August 2017 11:55 AM IST

വിധി കേട്ടയുടന്‍ ആള്‍ദൈവം നിലത്തു വീണ് വിലപിച്ചു.
ബലാല്‍സംഗക്കേസില്‍ കുറ്റവാളിയായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും. സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് ജഗദീപ് സിങാണ് റോത്തക്ക് ജയിലില്‍ തയാറാക്കിയ പ്രതേ്യക കോടതിയില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ദേരാ സച്ചാ സൗദയിലെ രണ്ട് അന്തേവാസികളെ ബലാല്‍സംഗം ചെയ്തിനാണ് 10 വര്‍ഷം വീതം തുടര്‍ച്ചയായി കഠിനതടവും പിഴയും വിധിച്ചത്. പിഴത്തുകയില്‍ 14 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കും.
ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഗുര്‍മീത് കുറ്റക്കാരനാണെന്നു 25ന് പഞ്ച്കുള കോടതി പ്രഖ്യാപിച്ചപ്പോള്‍ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 38 പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കു നടുവിലായിരുന്നു ശിക്ഷാവിധി.
റോത്തക്കിലെ സുനാറിയ ജയിലിലെ വായനാമുറിയില്‍ പ്രതേ്യകം ഒരുക്കിയ കോടതി മുറിയില്‍ വാദിഭാഗത്തിനും പ്രതിഭാഗത്തിനും 10 മിനുട്ട് വീതം ജഡ്ജി അനുവദിച്ചു. അപൂര്‍വത്തില്‍ അപൂര്‍വമായ കേസായതിനാല്‍ പരമാവധി ശിക്ഷ സിബിഐ ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങളാല്‍ ശിക്ഷയിളവിനായി പ്രതിഭാഗം അപേക്ഷിച്ചു.
ആദ്യവിധി കേട്ടയുടന്‍ നിലത്തു തളര്‍ന്നുവീണ ആള്‍ദൈവം ”എനിക്ക് മാപ്പ് തരൂ” (മുജേ മാഫ് കര്‍ ദോ) എന്നു വിലപിച്ചു.
വിധി കേട്ടശേഷം ഗുര്‍മീത് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 1997-ാം നമ്പര്‍ തടവുപുള്ളിയായി ജയിലിലടച്ചു. ജയിലില്‍ ഗുര്‍മീതിന് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയതിന് പൊലീസ് ഉദ്യോഗസ്ഥരെ ജഡ്ജി ജഗദീപ് സിങ് ശകാരിച്ചു. ഒരു പ്രത്യേക സൗകര്യവും യാതൊരുവിധ വിവിഐപി പരിഗണനയും ജയിലില്‍ ആള്‍ ദൈവത്തിന് നല്‍കരുതെന്ന് കോടതി കല്‍പിച്ചു. എന്തിനാണ് വിഐപി പരിഗണന നല്‍കിയതെന്നും ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ്ങിനെ ഹെലികോപ്റ്ററില്‍ ഒപ്പം വരാന്‍ അനുവദിച്ചതെന്തിനെന്നും കോടതി ചോദിച്ചു.
റോത്തക്ക് നഗരത്തിലും സുനാറിയ ജയിലിനു ചുറ്റും മൂന്നു തട്ടിലുളള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പൊലീസും അര്‍ധസൈനിക വിഭാഗവും നിരന്നു നിന്നു. ഒരു മണിക്കൂറിനുള്ളില്‍ നഗരത്തിലിറങ്ങാവുന്ന വിധം പട്ടാളത്തെയും സജ്ജമാക്കി നിര്‍ത്തി. നഗരവാസികളോട് വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിരുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വിധിക്കുശേഷം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2002 ലാണ് കേസ് ഉത്ഭവിച്ചത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി, അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സന്യാസിനികളെ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഗുര്‍മീത് മാനഭംഗം ചെയ്തുവെന്നാണ് കേസ്. മുപ്പതിലധികം സ്ത്രീകള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് അന്നത്തെ പ്രധാനമന്ത്രിക്ക് ലഭിച്ച ഊമക്കത്ത്. ഇതിന്റെയടിസ്ഥാനത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുത്ത് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഭരണരാഷ്ട്രീയത്തിലെ സ്വാധീനമുപയോഗ്ച്ച് ഗുര്‍മീതിന് കേസ് നീട്ടാന്‍ കഴിഞ്ഞു. രണ്ട് സ്ത്രീകള്‍ മാത്രം പരാതിയില്‍ ഉറച്ചുനിന്നു.
പരാതി സംബന്ധിച്ച ഊമക്കത്ത് പുറത്തുവിട്ടെന്ന് സംശയിക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍ റാംചന്ദര്‍ ഛത്രപതിയെയും ആശ്രമത്തിലെ ഒരു സന്യാസിയെയും കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് പ്രതിയാണ്.

Related News