Tuesday
24 Oct 2017

മനോരോഗ വിദഗ്ദന്റെ ചികിത്സതേടി രണ്‍വീര്‍ സിംഗ്

By: Web Desk | Sunday 1 October 2017 5:16 PM IST

മുംബൈ:

രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമാണ് പത്മാവതി. പ്രതിനായക വേഷമാണ് രണ്‍വീറിന് പുതിയ ചിത്രത്തില്‍. അലാവുദീന്‍ ഖില്‍ജിയെന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പല വഴികള്‍ രണ്‍വീര്‍ സ്വീകരിച്ചിരുന്നു. ആഴ്ചകളോളം മുറിയില്‍ തനിച്ചിരുന്ന് കഥാപാത്രത്തെ പരിശീലിച്ചശേഷമാണ് രണ്‍വീര്‍ അഭിനയിച്ചത്.

സിനിമാ ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുത്തു. സിനിമ വരുന്ന ഡിസംബറില്‍ തിയേറ്ററുകളിലെത്തും. രണ്‍വീറിന്റെ അഭിനയ ജീവിതത്തിലെ സങ്കീര്‍ണ്ണ കഥാപാത്രങ്ങളിലൊന്നാണ് പത്മാവതിയിലെ അലാവുദ്ദീന്‍ ഖില്‍ജി.

ഒരു വര്‍ഷത്തോളം അലാവുദ്ദീന്‍ ഖില്‍ജിയായ രണ്‍വീറിന് കഥാപാത്രത്തെ വിട്ടുപോകാന്‍ സാധിക്കുന്നില്ല. പ്രിയപ്പെട്ടവരുടെ ഉപദേശത്തെ തുടര്‍ന്ന് മനോരോഗ വിദഗ്ദനെ കാണാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍ എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര കഷ്ടപ്പെടാനും തയ്യാറായ ഒരു നടനാണ് രണ്‍വീര്‍ സിംഗ്. വ്യക്തി ജീവിതത്തിലും കഥാപാത്രത്തെ രണ്‍വീര്‍ പിന്‍തുടരാറുണ്ട്. ഇതു തന്നെയാണ് രണ്‍വീറിനെ മറ്റ് നടന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. ബാജിറാ മസ്താനിയിലെ രണ്‍വീറിന്റെ കഥാപാത്രം താരത്തിന്റെ കഠിനാധ്വാനം വിളിച്ചോതുന്നതാണ്.