Tuesday
20 Nov 2018

ഇരകളുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കിയും വന്ധ്യംകരിച്ചും ലൈംഗികാതിക്രമം; പെണ്‍വാണിഭസംഘത്തിന്റെ പുത്തന്‍ തന്ത്രങ്ങള്‍ക്ക് ഈ ഗുളികകളും കൂട്ട്

By: Web Desk | Monday 2 July 2018 8:49 PM IST

രമ്യ മേനോൻ 

തിരുവനന്തപുരം: മദ്യവും വിപണിയില്‍ ലഭ്യമാകുന്ന ഓര്‍മ്മയെ മയക്കുന്ന ഗുളികകളും നല്‍കി ബോധമില്ലാതാക്കി മണിക്കൂറുകളും ദിവസങ്ങളും പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗത്തിനിരയാക്കുന്ന സംഘങ്ങള്‍ സമൂഹത്തില്‍ പെരുകുകയാണ്. മയക്കികിടത്തുന്ന ഇരകള്‍ക്കുമേല്‍ കാമക്കണ്ണും ക്യാമറക്കണ്ണും ചൂഴ്ന്നിറങ്ങുമ്പോള്‍ നിയമങ്ങള്‍ക്ക്‌പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന പെണ്‍കുട്ടികളുടെ ബലാത്സംഗ വീഡിയോകളും സമൂഹത്തിന്റെ മനോനില എങ്ങോട്ടാണെന്ന ചോദ്യം ബാക്കിയാക്കുന്നു.
‘റേപ് ഡ്രഗ്’ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മരുന്നുകള്‍ വാങ്ങിയാണ് സാമൂഹ്യദ്രോഹികള്‍ ഇത്തരത്തില്‍ ക്രൂരത ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന ചില സ്ത്രീകളെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഇരകളുടെ രക്തത്തില്‍ ഈ ഗുളികകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നതാണ്.  മരുന്ന് നല്‍കിയാണ് പീഡനത്തിരയാക്കുന്നതെങ്കില്‍ ആ ദിവസങ്ങളിലെ കാര്യങ്ങള്‍ റേപ് ഡ്രഗ് ഉള്ളില്‍ച്ചെന്നവര്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവക്താക്കള്‍ പറയുന്നു. അടുത്ത ദിവസം വരെയുള്ള കാര്യങ്ങള്‍ യാതൊന്നും തന്നെ ഓര്‍മ്മയില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.

പീഡനത്തിനിരയായവര്‍ സംഭവങ്ങള്‍ മറക്കുന്നതോടുകൂടി കുറ്റംചെയ്തവര്‍ പകല്‍മാന്യന്മാരായി തുടരുകയും ചെയ്യുന്നു. അതു മാത്രമല്ല, ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്.
എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് എന്നതിനു പുറമേ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല.
നിയമാനുസൃതമായി മാത്രം ലഭിക്കുന്ന ഈ ഗുളികകള്‍ അനധികൃതമായി ചിലര്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.