Sunday
19 Nov 2017

മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ചെന്ന പിതാവിനെ ചുട്ടുകൊന്നു

By: Web Desk | Monday 23 October 2017 8:46 PM IST

ദാമോ: പരാതി പൊലീസ് അവഗണിച്ചു. മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ചെന്ന പിതാവിനെ അയല്‍ക്കാരായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന്  ചുട്ടുകൊന്നു.

മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. തന്റെ മകളെ രക്ഷിക്കാന്‍ ശ്രമിച്ച നര്‍മദ സാഹുവെന്നയാളാണ് മരിച്ചത്.
ഞായറാഴ്ച രാത്രി യൂവാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. ഇതിന് മുമ്പ് സംഘത്തിനെതിരെ നര്‍മദ സാഹു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്‍ മേല്‍ പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മൂന്നംഗ സംഘം നര്‍മദ സാഹുവിനെയും മകളെയും അക്രമിക്കാനെത്തി. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാക്കള്‍ സാഹുവിന് നേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാഹുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ഇയാള്‍ നല്‍കിയ മൊഴിയില്‍ യുവാക്കളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരായ സച്ചിന്‍, രാജ്കുമാര്‍, രാംകുമാര്‍ എന്നിവരാണ് സംഭവത്തിലെ പ്രതികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യുവാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, പ്രതികളെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.

 

Related News