Wednesday
19 Dec 2018

വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 1,043 കിലോ കാട്ടുതേൻ പിടിച്ചെടുത്തു

By: Web Desk | Friday 7 December 2018 8:49 PM IST

കൊച്ചി: കൊച്ചി കിറ്റ്‌കോ ആസ്ഥാനത്തും രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനത്തിലും വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 1,043 കിലോ കാട്ടുതേൻ പിടിച്ചെടുത്തു. കിറ്റ്‌കോയിൽനിന്ന‌് ഓരോ കിലോ വീതമുള്ള 460 ബോട്ടിലും രാജഗിരി ഔട്ട് റീച്ചിൽനിന്ന‌് 583 ബോട്ടിലുമാണ് പിടിച്ചെടുത്തതെന്ന് റെയ‌്ഡിന് നേതൃത്വം നൽകിയ വനംവകുപ്പ് വിജിലൻസ് വിഭാഗം റേഞ്ച് ഓഫീസർ ജി കൃഷ്ണദാസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

വനം വകുപ്പിന്റെ അനുമതിയില്ലാതെ കോതമംഗലത്തിനടുത്ത് വനത്തിനുള്ളിൽ തേൻ ശേഖരിച്ച് വിൽപ്പന നടത്തിയെന്നതാണ് റെയ‌്ഡിന് ആധാരമായത്. ‘കാട്ടുതേൻ’ എന്ന പേരിലായിരുന്നു ഇവർ വിൽപന നടത്തിയത്. വനവിഭവം പാസില്ലാതെ കടത്തിയതിന് കിറ്റ്‌കോക്കും രാജഗിരിക്കുമെതിരെ കേസെടുത്തതായി റേഞ്ച് ഓഫീസർ ജി കൃഷ്ണദാസ് പറഞ്ഞു. തേൻ ശേഖരിക്കുന്നതിനുള്ള അനുമതി ഇവർക്ക് നൽകിയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ചെറുകിട വ്യവസായ മേഖലക്ക് സാങ്കേതിക ഉപദേശങ്ങളും സഹായങ്ങളും നൽകുന്ന സ്ഥാപനമായ കിറ്റ്‌കോയുടെ കേരള ഘടകത്തിന്റെ ആസ്ഥാനം എറണാകുളം ജില്ലയിലെ വെണ്ണലയിലാണ്. വനത്തിൽ അതിക്രമിച്ച് കടക്കുക, അനുമതിയില്ലാതെ വനവിഭവം കടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധന വിവരങ്ങളും പിടിച്ചെടുത്ത തേനും ശനിയാഴ‌്ച കുറപ്പംപടി കോടതിയിൽ ഹാജരാക്കും.

കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും കൃഷ‌്ണദാസ് പറഞ്ഞു.എന്നാൽ, സിഎസ്ആർ പ്രൊജക്ടിന്റെ ഭാഗമായി ആദിവാസി ക്ഷേമത്തിന് വേണ്ടി നടത്തിയ പദ്ധതിയുടെ ഭാഗമായാണ‌് തേൻ ശേഖരിച്ചതെന്ന‌് കിറ്റ്‌കോ അധികൃതർ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് സിഎസ്ആർ പ്രൊജക്ടിെന്റ ഭാഗമായി തേനീച്ച വളർത്തലിലും കരകൗശല ഉൽപന്ന നിർമാണത്തിലുമുള്ള പരിശീലനവും രാജഗിരി ഔട്ടറീച്ച് മുഖാന്തിരം നടത്തിയിരുന്നു.