Monday
19 Feb 2018

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, നിരക്കുകളില്‍ മാറ്റമില്ല

By: Web Desk | Wednesday 6 December 2017 7:47 PM IST

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനവും കരുതല്‍ ധനാനുപാതം നാല് ശതമാനവുമായി തുടരും.
പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയാത്തതും കണക്കിലെടുത്താണ് തത്ക്കാലം നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്.
നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിട്ട ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമാണ് ഇത്. നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ബിഐയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
നിരക്കുകളില്‍ വ്യത്യാസം വരുത്താത്തത് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് 205.26 പോയിന്റ് നഷ്ടത്തില്‍ 32597.18ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 74.20 ഇടിഞ്ഞ് 10044.10ലും വ്യാപാരം അവസാനിപ്പിച്ചു.
റിപ്പോ നിരക്കിന് പുറമെ ആഗോള വിപണികളിലെ തളര്‍ച്ചയും സൂചികകളെ ബാധിച്ചു.
ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1641 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്‌സിഎല്‍ടെക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഹിന്‍ഡാല്‍, സണ്‍ഫാര്‍മ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റസ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

Related News