Monday
25 Jun 2018

കറന്‍സി അച്ചടി കേന്ദ്രത്തിൽ നിന്നും മോഷണം നടത്തിയ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പിടിയില്‍

By: Web Desk | Saturday 20 January 2018 1:02 PM IST

കറന്‍സി അച്ചടിക്കുന്ന കേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പിടിയില്‍. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുള്ള ബാങ്ക് നോട്ട് പ്രസ് കേന്ദ്രത്തിലെ ഡെപ്യൂട്ടി കണ്‍ട്രോള്‍ ഓഫീസര്‍ മനോഹര്‍ വര്‍മയാണ് പിടിയിലായത്.

അച്ചടി കേന്ദ്രത്തില്‍ നിന്നും മോഷ്ടിച്ച നോട്ടുകള്‍ ഷൂവിലും വസ്ത്രത്തിലും ഓഫീസിലെ പെട്ടിയിലും വരെയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. 26 ലക്ഷം രൂപ ഇയാളുടെ ഓഫീസ് മുറിയില്‍ നിന്നും 64 ലക്ഷം രൂപ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ഇയാളെ സിസിടിവിയില്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ വീണ്ടും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യോടെ പിടികൂടിയത്.

അച്ചടിയില്‍ ചെറിയ പിശകുകള്‍ മൂലം ഒഴിവാക്കുന്ന നോട്ടുകളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. അതിസൂഷ്മമായ പിശകുകള്‍ ആയതിനാല്‍ ഇയാള്‍ ഇത് അനായാസം വിപണിയില്‍ ഉപയോഗിച്ചിരുന്നു.

മനോഹറിനെ പൊലീസിന് കൈമാറിയതായി ആര്‍ബിഐ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.