Saturday
23 Jun 2018

രാജ്യത്ത് പണലഭ്യത ഉയര്‍ന്നുവെന്ന് ആര്‍ബിഐ

By: Web Desk | Monday 11 June 2018 10:22 PM IST

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പക്കലുള്ള പണത്തിന്റെ തോത് 18.5 ലക്ഷം കോടിയിലധികമായി ഉയര്‍ന്നു. 2016 അവസാനത്തില്‍ നോട്ടുനിരോധന തീരുമാനത്തിന് ശേഷമുള്ള 7.8 ലക്ഷം കോടിയേക്കാള്‍ രണ്ടിരട്ടിയോളമാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നപോലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം റിസര്‍വ് ബാങ്ക് മൊത്തത്തില്‍ വിനിമയം ചെയ്യുന്ന പണവും നോട്ട് നിരോധനസമയത്തുള്ള 8.9 ലക്ഷം കോടിയേക്കാള്‍ ഇരട്ടിയിലധികമുയര്‍ന്ന് 19.3 ലക്ഷം കോടിയിലധികമായി.
അസാധു നോട്ടുകളില്‍ 99ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിരുന്നു. ജനങ്ങള്‍ 15.28 ലക്ഷംകോടി രൂപയുടെ അസാധു നോട്ടുകള്‍ 2017 ജൂണ്‍ 30ന് മുന്‍പ് ബാങ്കുകളില്‍ തിരിച്ചടച്ചു. ഇത് നിരോധിക്കപ്പെട്ട കറന്‍സിയുടെ 98.96ശതമാനം വരും. നോട്ട് നിരോധനത്തിന്റെ ഭാഗമായി 2000 രൂപയുടെയും 200രൂപയുടെയും പുതിയ 500 രൂപയുടെയും നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.
പണലഭ്യത ഉയര്‍ന്നുനില്‍ക്കുമ്പോഴും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അസാധാരണമായ രീതിയില്‍ പണക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 500 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പണ വിതരണവും പൊതുജനത്തിന്റെ കൈയ്യിലുള്ള പണവും 2018 മേയ് 25ന് 18.5 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. ഇത് ഒരു വര്‍ഷം മുമ്പുള്ള കണക്കിനെക്കാള്‍ 31ശതമാനം കൂടുതലാണ്. ഓരോ ആഴ്ചയിലും പൊതുജനത്തിന്റെ പക്കലുള്ള പണത്തിന്റെ കണക്ക് 14ദിവസം കൂടുമ്പോഴും ആര്‍ബിഐ പുറത്തു വിടുന്നുണ്ട്.