Monday
25 Jun 2018

കിട്ടാക്കടം: നടപടി കര്‍ശനമാക്കാന്‍ ആര്‍ബിഐ

By: Web Desk | Tuesday 13 February 2018 10:57 PM IST

ന്യൂഡല്‍ഹി:

പൊതുമേഖലാ ബാങ്കുകള്‍ അഭിമുഖീകരിക്കുന്ന കിട്ടാക്കടം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ കര്‍ശനമാക്കാന്‍ റിസര്‍വ് ബാങ്ക്.
ഇതിന്റെ ആദ്യപടിയായി കിട്ടാക്കടം ഈടാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കും. കൂടാതെ വന്‍തുക വായ്പ എടുത്ത തിരിച്ചടക്കാത്തവര്‍ക്കെതിരയുള്ള നിയമനടപടികള്‍ കൂടുതല്‍ കാര്യക്ഷമാക്കും. കിട്ടാക്കടം പിരിച്ചെടുക്കന്നതുമായി ബന്ധപ്പെട്ട് 2016ല്‍ പുതിയ നിയമം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവില്ലാത്ത വായ്പകള്‍ പിരിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്കും കിട്ടാക്കടം കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങള്‍ രൂപീകരിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം.

കൂടാതെ നിലവില്‍ വായ്പ എടുത്ത് തിരിച്ചടക്കാത്ത 40 കോര്‍പ്പറേറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.
വായ്പകള്‍ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വായ്പ എടുത്തവര്‍ക്ക് നോട്ടീസ് നല്‍കി 180 ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ അടിയന്തിരമായി കടക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. ഇത് ഉണ്ടായില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്. അഞ്ച് ബില്യണോ അതിലധികമോ തുക വായ്പ നല്‍കുമ്പോള്‍ വായ്പ എടുക്കന്നവര്‍ സമര്‍പ്പിക്കുന്ന ജാമ്യം രണ്ട് തവണ മൂല്യം വിലയിരുത്തണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം എസ്ബിഐയ്ക്ക് 23000 കോടി കിട്ടാക്കടമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.