27 March 2024, Wednesday

വായിച്ചു വളരാം ; വസന്തം പൂത്തുലയും വായന

Janayugom Webdesk
തിരുവനന്തപുരം
June 19, 2023 9:39 am

നല്ല പുസ്തകം വായിച്ചാല്‍ കിട്ടുന്ന അനുഭൂതി അതൊന്ന് വേറെയാണ്. പുസ്തക വായനയിലൂടെ നമ്മുടെ ഭാവനാ സമ്പന്നമായ ലോകവും വളരും. വായന എന്ന ഒരു പ്രവര്‍ത്തനമാണ് നടക്കുന്നതെങ്കിലും നമ്മുടെ ഉള്ളില്‍ സ്വയം ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഭാഷാപരമായ കഴിവുമെല്ലാം വളരും. നമ്മുടെ വിജ്ഞാനത്തെ കൂടുതല്‍ വിശാലമാക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് വായന. കുട്ടിക്കാലത്തുതന്നെ ചിട്ടയായ വായനാശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. സാങ്കേതിക വിദ്യകള്‍ എത്രകണ്ട് വളര്‍ന്നാലും ഭാഷ ഉള്ളിടത്തോളം കാലം വായന നമുക്കിടയില്‍ സജീവമായി നിലകൊള്ളും.

കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയെ നമ്മുടെ സമരത്തിന്റെ ഭാഗമാക്കിയ മഹാനാണ് പി എന്‍ പണിക്കര്‍. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലുടനീളം വായനയുടെയും ഗ്രന്ഥശാലയുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പതിനേഴാമത്തെ വയസിലാണ് സനാതന ധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. അറിവിന്റെ അക്ഷയ ഖനികളായ ഗ്രന്ഥശാലകളാല്‍ സമ്പന്നമായ കേരളത്തെയായിരുന്നു പി എന്‍ പണിക്കര്‍ എന്നും സ്വപ്നം കണ്ടിരുന്നത്. ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ 1909 മാര്‍ച്ച് ഒന്നിനാണ് പി എൻ്‍ പണിക്കരുടെ ജനനം. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ചാണ് അദ്ദേഹം തന്റെ ജന്മനാട്ടില്‍ വായനശാല ആരംഭിച്ചത്.

1995 ജൂണ്‍ 19ന് പി എന്‍ പണിക്കര്‍ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു. 1996 മുതലാണ് പി എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂണ്‍ 19 മുതലുള്ള ഒരാഴ്ചക്കാലം വായനാവാരത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടല്ലോ. നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടുകാര്‍ സൗഹൃദപരമായി ഇടപെടണം.

പുസ്തകവായനയ്ക്ക് കാലഘട്ടത്തിനനുസരിച്ച് ഒരുപാട് മാറ്റങ്ങള്‍ വരുന്നുണ്ട്. അധ്യാപകരോടും കൂട്ടുകാരോടും രക്ഷിതാക്കളോടുമെല്ലാം ചര്‍ച്ച ചെയ്ത് പുസ്തകവായനയെ ശക്തിപ്പെടുത്തുന്ന ഏറ്റവും നൂതനമായ പരിപാടികള്‍ സംഘടിപ്പിക്കണം. വായനാവാരത്തോടനുബന്ധിച്ച് കൂട്ടുകാര്‍ക്ക് സ്കൂളിലും വായനശാലയിലുമൊക്കെ സംഘടിപ്പിക്കാന്‍ അനുയോജ്യമായ ചില പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം.

പുസ്തകസമാജങ്ങള്‍

വിവിധ പ്രായക്കാരായ കുട്ടികളെ ഉള്‍പ്പെടുത്തി പുസ്തകസമാജങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ വായിച്ച പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും ഒത്തുചേരാം. പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള തുറന്ന ചര്‍ച്ചകള്‍ ഇവിടെ നടക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തോദ്ദീപകമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങളും നല്‍കണം. അവര്‍ക്ക് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള ഇടം കൂടിയായി പുസ്തകസമാജങ്ങള്‍ മാറണം.

മുഖാമുഖം

എഴുത്തുകാരെ സ്കൂള്‍ ലൈബ്രറിയിലേക്ക് ക്ഷണിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ രചയിതാവിന്റെ ലോകത്തെ അടുത്തുനിന്ന് മനസിലാക്കാന്‍ കഴിയും. എഴുത്തുകാര്‍ അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യണം. പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവു ലഭിക്കുന്നതിനോടൊപ്പം പുസ്തകരചനയുടെ വൈവിധ്യങ്ങളായ അനുഭവങ്ങള്‍ നമ്മെ എഴുത്തിലേക്ക് നയിക്കും.

കഥ പറയാം വായിക്കാം

അധ്യാപകരുടെ സഹായത്തോടെ സ്കൂള്‍ ലൈബ്രറി നടത്താവുന്നതാണ്. കുട്ടികളെ നന്നായി ആകര്‍ഷിക്കുന്ന വിധത്തില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോട് കൂടിയാണ് ഇത് നടത്തേണ്ടത്. പരമ്പരാഗതമായ കഥ പറച്ചില്‍ മാത്രമല്ല കഥ പറയുന്നതിന്റെ ഭാഗമായി പാവകളിയും കുട്ടികളെ ആകര്‍ഷിക്കുന്ന മള്‍ട്ടി മീഡിയ അവതരണവുമൊക്കെ ആകാം.

കഥ പറയാം വായിക്കാം

അധ്യാപകരുടെ സഹായത്തോടെ സ്കൂള്‍ ലൈബ്രറി നടത്താവുന്നതാണ്. കുട്ടികളെ നന്നായി ആകര്‍ഷിക്കുന്ന വിധത്തില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോട് കൂടിയാണ് ഇത് നടത്തേണ്ടത്. പരമ്പരാഗതമായ കഥ പറച്ചില്‍ മാത്രമല്ല കഥ പറയുന്നതിന്റെ ഭാഗമായി പാവകളിയും കുട്ടികളെ ആകര്‍ഷിക്കുന്ന മള്‍ട്ടി മീഡിയ അവതരണവുമൊക്കെ ആകാം. രചനാശില്പശാല പ്രദേശത്തെ എഴുത്തുകാരെയും സ്കൂളിലെ അധ്യാപകരെയും ഉള്‍പ്പെടുത്തി രചനാശില്പശാല നടത്താം. കുട്ടികള്‍ക്ക് അവരുടെ രചനാപരമായ പ്രതിഭ കണ്ടെത്താനാവും വിധമായിരിക്കണം ശില്പശാല നടത്തേണ്ടത്.

സര്‍ഗാത്മക ശില്പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തിനെക്കുറിച്ച് കൂടുതല്‍ തിരിച്ചറിവ് ഉണ്ടാകുന്ന വിധം നിര്‍ദേശങ്ങള്‍ നല്കേണ്ടതാണ്. അക്ഷരതീരം തേടി ലൈബ്രറിയുടെ വിവിധ ഭാഗങ്ങളെ പരിചയപ്പെടുത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണിത്. ലൈബ്രറി പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ ഗവേഷണാഭിരുചി വികസിപ്പിക്കാനും ഇത് സഹായകരമാണ്. ചില പ്രത്യേക സൂചകങ്ങള്‍ ക്രമീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന വിധം ഈ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാവുന്നതാണ്.

ഇന്നത്തെ ചിന്താവിഷയം

കാലോചിതമായ വിഷയങ്ങളെ അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ശൈലിയാണിത്. ചില ദിവസത്തിന്റെയോ അല്ലെങ്കില്‍ മാസത്തിന്റെയോ പ്രാധാന്യം അനുസരിച്ച് പുസ്തകങ്ങളെ വിഷയാധിഷ്ഠിതമായി സജ്ജീകരിക്കുക, പുസ്തകങ്ങളോടുള്ള താല്പര്യം വര്‍ധിപ്പിക്കുവാന്‍ ഇത് ഏറെ സഹായകരമാണ്. പുതിയ കാഴ്ചപ്പാടുകളിലേക്ക് എത്താനും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും ഇത്തരം പ്രദര്‍ശനങ്ങള്‍ ഉപകാരപ്രദമാണ്. നിര്‍മ്മാണ ഇടങ്ങള്‍ സ്കൂള്‍ ലൈബ്രറിയോടനുബന്ധിച്ച് കു ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളിലൂടെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇടമാണിത്. കരകൗശലം, നിര്‍മ്മിതിബുദ്ധി, റോബോട്ടിക്സ്, കോഡിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ക്കാവശ്യമായ വസ്തുക്കള്‍ നല്കുക. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗാത്മകത തുറന്നുവിടാനും താല്പര്യമുള്ള പുതിയ മേഖലകളില്‍ വ്യാപരിക്കാനും അനുവദിക്കുന്നു.

ലൈബ്രറി മത്സരങ്ങള്‍

വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് കലാപരമായ പ്രവര്‍ത്തനങ്ങളും ആകാം, പുസ്തകങ്ങളുടെ കവര്‍ രൂപകല്പന ചെയ്യുക പുസ്തകങ്ങളെയും രചയിതാക്കളെയും പറ്റിയുള്ള മള്‍ട്ടി മീഡിയ പ്രശ്നോത്തരിയും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കാലമാണിത്. വായന സാങ്കേതികവിദ്യയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. അത്തരം സാധ്യതകളെയും നാം ഉപയോഗിക്കണം. വിദ്യാഭ്യാസ വിഷയവുമായി ബന്ധപ്പെട്ട വിര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ഇടം ലൈബ്രറിയില്‍ ഒരുക്കാവുന്നതാണ്. വിവരശേഖര വ്യാഖ്യാനം, അവതരണം എന്നിവ ഉള്‍പ്പെടുന്ന പ്രോജക്ടുകളിലൂടെ വിശകലനം ചെയ്യാനും അവതരിപ്പിക്കുവാനും കുട്ടികളെ പ്രാപ്തരാക്കണം.

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വീഡിയോ പ്രക്ഷേപണം ഉള്‍പ്പെടെ നടത്താന്‍ സാധിക്കുന്ന ഇടങ്ങള്‍ ലൈബ്രറിയില്‍ ഒരുക്കാവുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലൈബ്രറികളുമായോ സ്കൂളുമായോ പങ്കാളിത്തം സ്ഥാപിച്ച് ആഗോളബന്ധങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയും ഉപയോഗപ്പെടുത്തണം. സാംസ്കാരികമായ വിനിമയത്തിലൂടെ കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വിശാലമാക്കാനും കൂടുതല്‍ ലോകബോധത്തോടെ വളരാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാണ്.

Eng­lish Sum­ma­ry: read­ing day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.