Monday
22 Oct 2018

അരിഞ്ഞും നുറുക്കിയും തളരണ്ട, ‘റെഡി ടു കുക്ക് ‘ തയ്യാര്‍

By: Web Desk | Saturday 4 November 2017 8:11 PM IST

റെഡി ടു കുക്ക് വെജിറ്റബിള്‍ തയ്യാറാക്കുന്നു

ജോമോന്‍ വി സേവ്യര്‍
തൊടുപുഴ: ഇഷ്ട വിഭവമാണെങ്കിലും ചക്കക്കുരുവും കൂര്‍ക്കയും പാചകത്തിനായി തയ്യാറാക്കുന്നതിനുള്ള ബുദ്ധിമുട്ട് മൂലം തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും വേണ്ടെന്ന് വയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഇവര്‍ക്ക് സഹായ ഹസ്തവുമായി കൃഷി വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. ‘റെഡി ടു കുക്ക് ‘ എന്ന പേരില്‍ പച്ചക്കറികള്‍ അരിഞ്ഞ് പാക്കറ്റിലാക്കി വിപണനം ചെയ്യുന്ന പദ്ധതിയാണ് കൃഷി വകുപ്പ് കൃഷി ഭവന്‍ മുഖേന ആരംഭിച്ചിരിക്കുന്നത്.

തൊടുപുഴ കൃഷി ഭവനില്‍ ആരംഭിച്ചിരിക്കുന്ന റെഡി ടു കുക്ക് വെജിറ്റബളിന് ദിവസം തോറും ആവശ്യക്കാര്‍ ഏറി വരികയാണ്. വിഷ രഹിത പച്ചക്കറിയിലൂടെ സുരക്ഷിത ആഹാരം എളുപ്പത്തില്‍ എന്ന ആശയമാണ് ഇതിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. നാട്ടിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളാണ് അരിഞ്ഞ് വൃത്തിയാക്കി പായ്ക്കറ്റുകളിലായി കൂടുതലായും വില്‍പ്പന നടത്തുന്നത്. ചേന, നാടന്‍ ഏത്തക്ക, പപ്പായ, വാഴപ്പിണ്ടി, വാഴചുണ്ട് തുടങ്ങിയ മലയാളിയുടെ തീന്‍ മേശയില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പച്ചക്കറി സോണായി പ്രഖ്യാപിച്ച് കൃഷി നടത്തുന്ന ശീതകാല പച്ചക്കറിയുടെ കലവറയായ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കോളിഫ്‌ളവര്‍, കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയവയും ഇവിടെ എത്തിച്ച് ഒരേ വലുപ്പത്തില്‍ അരിഞ്ഞ് പായ്ക്കറ്റലാക്കിയാണ് വില്‍പ്പന നടത്തുന്നത്. 16 ഇനങ്ങളടങ്ങിയ സാമ്പാര്‍കൂട്ടും അവിയല്‍ കൂട്ടും അവധി ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും ലഭിക്കും. 400 ഗ്രാം തൂക്കം വരുന്ന പായ്ക്കറ്റിലാണ് അരിഞ്ഞ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. 20 മുതല്‍ 30 രൂപ വരെയാണ് ഓരോ ഇനത്തിനും വില. ഉച്ചക്ക് 12 മുതല്‍ മുണ്ടേക്കല്ലില്‍ കൃഷിഭവനോട് ചേര്‍ന്നുള്ള യൂണിറ്റില്‍ നിന്ന് പായ്ക്കറ്റിലാക്കിയ അരിഞ്ഞ പച്ചക്കറികള്‍ വില്‍പ്പന ആരംഭിക്കും. വൈകിട്ട് 3 മുതല്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളിലും വില്‍പ്പനയുണ്ട്. ഉദ്യോഗസ്ഥരാണ് ഉപഭോക്താക്കളില്‍ ഏറെയും.

പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 29നാണ് തൊടുപുഴ കൃഷിഭവനില്‍ റെഡി ടു കുക്കിംഗ് വെജിറ്റബിള്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തില്‍ നൂറില്‍ താഴെ മാത്രം പായ്ക്കറ്റുകളാണ് വിറ്റു പോയത്. എന്നാല്‍ ഓരോ ദിവസവും ആവശ്യക്കാരേറി വന്നു. ഇപ്പോള്‍ 175 മുതല്‍ 250 വരെ പായ്ക്കറ്റുകള്‍ വിറ്റു പോകുന്നുണ്ട് കൂടാതെ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഹോട്ടലുകാരും കേറ്ററിംഗുകാരും ഇപ്പോള്‍ ഇവിടെ നിന്നും അരിഞ്ഞ പച്ചക്കറികള്‍ വാങ്ങുന്നുണ്ട്.
തൊടുപുഴ നഗരസഭയുമായി സഹകരിച്ചാണ് കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മുണ്ടേക്കല്ലിലുള്ള കൃഷി ഭവനോട് ചേര്‍ന്ന് നഗരസഭ നാല് ലക്ഷം രൂപ മുടക്കി കെട്ടിടം നിര്‍മ്മിച്ചു നല്‍കി. അരിയുന്നതിനും ചുരണ്ടുന്നതിനും കഴുകാനുമുള്ള ഇലക്ട്രിക് യന്ത്രങ്ങള്‍ വാങ്ങാന്‍ നാല് ലക്ഷം രൂപ കൃഷി വകുപ്പും അനുവദിച്ചു. തൊടുപുഴ അഗ്രോ സര്‍വ്വീസ് സൊസൈറ്റി അംഗങ്ങളായ അഞ്ച് പേരാണ് അരിയുന്നതും പായ്ക്കറ്റിലാക്കി വിപണനം നടത്തുന്നതും.

ആവശ്യക്കാരേറിയതോടെ പദ്ധതി വിപുലമാക്കാനുള്ള ഒരുക്കത്തിലാണെന്ന് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തോമസണ്‍ പി ജോഷ്വാ പറഞ്ഞു. മണിക്കൂറില്‍ 750 കിലോ പച്ചക്കറി അരിയുന്ന പുതിയ കട്ടര്‍ വാങ്ങാനുള്ള അനുമതി കൃഷി വകുപ്പ് നല്‍കി കഴിഞ്ഞു. മൂന്നര ലക്ഷം രൂപ വില വരുന്ന യന്ത്രമാണ് വാങ്ങുന്നത്. കൂടാതെ വിപണനത്തിനായി കൂടുതല്‍ സ്റ്റാളുകള്‍ ആരംഭിക്കാനും വാഹനത്തില്‍ വില്‍പ്പന നടത്താനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണ്. പദ്ധതി വിപുലമാക്കുന്നതോടെ പച്ചക്കറിയുടെ ആവശ്യകത മുന്നില്‍ കണ്ട് കൃഷിഭവന്‍ വഴി തൊടുപുഴ ബ്ലോക്കില്‍ 800 കുടുംബങ്ങള്‍ക്കും നഗരസഭയുടെ പരിധിയില്‍ വരുന്ന 750 കുടുംബങ്ങള്‍ക്കും അഞ്ചിനം പച്ചക്കറി തൈകള്‍ ഉള്ള 25 തൈകളുടെ ഗ്രോ ബാഗുകള്‍ നല്‍കി മുറ്റത്തും മട്ടുപാവിലുമുള്ള പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കാനാണ് തീരുമാനം. ഇതോടെ കൂടുതല്‍ ജൈവ പച്ചക്കറി റെഡി ടു കുക്ക് വെജിറ്റബിളായി വിപണിയിലെത്തിക്കാന്‍ സാധിക്കും.