Tuesday
21 Aug 2018

വിനോദസഞ്ചാരമേഖലയെ നിയന്ത്രിക്കാന്‍ ടൂറിസം റെഗുലേറ്ററി അതോറിട്ടി രൂപീകരിക്കുന്നു

By: Web Desk | Monday 7 May 2018 11:07 PM IST

പി എസ് രശ്മി
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ അനാരോഗ്യ പ്രവണതകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി . ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ ദിശാബോധം നല്‍കുന്ന ടൂറിസം റെഗുലേറ്ററി അതോറിട്ടി (ട്രാക്ക്) രൂപീകരണത്തിന്റെ പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ടൂറിസം സെക്രട്ടറിയടക്കമുള്ളവരുള്‍പ്പെടുന്ന കമ്മിറ്റിയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുന്ന കരട് റിപ്പോര്‍ട്ട് നിയമവകുപ്പിന് സമര്‍പ്പിച്ച ശേഷം മറ്റ് വകുപ്പുകളുമായും കൂടിയാലോചന നടത്തി അതോറിട്ടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും. ജുഡീഷ്യല്‍ അധികാരമുള്ള രീതിയില്‍ രൂപീകരിക്കുന്ന ടൂറിസം റെഗുലേറ്ററി അതോറിറ്റി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി മാതൃകയിലായിരിക്കും. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുകയും അവരെ ചൂഷണങ്ങളില്‍ പെടാതെ സംരക്ഷിക്കുന്നതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അതോറിറ്റിയുടെ കീഴില്‍ വരും.
വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇവരുടെ പരാതി പരിഹാരിക്കാനും പ്രത്യേകസംഘവും അതോറിട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ട്രാക്കിന്റെ രൂപീകരണത്തെക്കുറിച്ച് പ്രാഥമിക തല ചര്‍ച്ചകള്‍ നടത്തിയത് ടൂറിസം വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച കമ്മിറ്റിയാണ്. കമ്മിറ്റിയിലെ ഓരോ അംഗവും പത്തിലേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് റിപ്പോര്‍ട്ട് ഉടന്‍ തന്നെ നിയമവകുപ്പിന് സമര്‍പ്പിക്കും. തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ്, ജലവിഭവവകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി അഭിപ്രായങ്ങള്‍ രൂപീകരിച്ചശേഷമായിരിക്കും ട്രാക്കിന് അന്തിമ രൂപം നല്‍കുക. കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളുമുള്‍പ്പടെയുള്ളവ പരിഗണിച്ചശേഷമേ റെഗുലേറ്ററി അതോറിട്ടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കൂ. അടുത്തിടെ കോവളത്ത് വിനോദസഞ്ചാരിയായ വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അനധികൃത ഗൈഡാണെന്നും ഇവര്‍ കഞ്ചാവിനും ലഹരിക്കും അടിമകളാണെന്നും വ്യക്തമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ടൂറിസം മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ടൂറിസം മേഖലയിലെ അനഭിലഷണീയ കാര്യങ്ങള്‍ തടയുക എന്നതാണ് ട്രാക്കിന്റെ പ്രധാന ലക്ഷ്യം. ലൈസന്‍സില്ലാത്ത മസാജ് പാര്‍ലറുകള്‍, ഗൈഡുകള്‍ എന്നിവയ്‌ക്കെല്ലാം തടയിടുകയും ചെയ്യും. വിനോദസഞ്ചാരികളെ അമിതമായി ചൂഷണം ചെയ്യുന്ന ഹോട്ടലുകള്‍, വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ വരും. വിനോദസഞ്ചാരമേഖലയില്‍ മയക്കുമരുന്ന് , ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വിതരണവും അനധികൃത മസാജ് പാര്‍ലറുകളും , ഗൈഡുകളും വര്‍ധിക്കുന്നതായാണ് സമീപകാല അനുഭങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ ചില പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. ഇത്തരക്കാരെ പൂര്‍ണമായും ഈ മേഖലയില്‍ നിന്ന് ഒഴിവാക്കി വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ സാഹചര്യമൊരുക്കാന്‍ ട്രാക്ക് നിലവില്‍ വരുന്നതോടെ സാധിക്കും. വിദേശ വിനോദസഞ്ചാരികളില്‍ നിന്ന് ചില വന്‍കിടഹോട്ടലുകളും റിസോര്‍ട്ടുകളും താമസത്തിനും ഭക്ഷണത്തിനും വന്‍തോതില്‍ തുക ഈടാക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാനും റെഗുലേറ്ററി അതോറിട്ടി നിലവില്‍ വന്നാല്‍ സഹായകമാകും.