Tuesday
21 Aug 2018

കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മരിച്ചവരുടെ ബന്ധുക്കള്‍

By: Web Desk | Wednesday 21 March 2018 10:46 PM IST

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ നാല് വര്‍ഷം മുമ്പ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന കാര്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. നിരവധി തവണ കാണാതായവരെ കുറിച്ച് അന്വേഷിച്ച് ഞങ്ങള്‍ കേന്ദ്രത്തെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും ജീവനോടെയുണ്ടെന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോള്‍ അവരെല്ലാം മരിച്ചെന്ന് പറയുന്നു. ഇതില്‍ ഏതാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്” മരിച്ചവരുടെ ബന്ധുക്കള്‍ ചോദിക്കുന്നു.

ഇന്ത്യാക്കാരായ 39 പേര്‍ കൊല്ലപ്പെട്ടിട്ടും ഈ മൂന്നേ മുക്കാല്‍ വര്‍ഷം എന്ത് കൊണ്ട് അറിയാതെ പോയി എന്നാണ് ഇവര്‍ ചോദിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു കുടുംബത്തിലെ അംഗമെന്ന പോലെയാണ് സുഷമാ സ്വരാജ് ഞങ്ങളോട് പെരുമാറിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ടിവിയില്‍ ഒരു പ്രസ്താവന ഇറക്കി മന്ത്രി ആ ബന്ധം അവസാനിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്ര ബോധമില്ലാതെ ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായി ഞങ്ങളോട് പറയുന്നതില്‍ നിന്നും എന്താണ് തടസമനുഭവപ്പെട്ടത്” മരിച്ച മഞ്ജീന്ദര്‍ സിംഗിന്‍റെ അച്ഛന്‍ ഹര്‍ദീപ് സിങ് ചോദിച്ചു.
നാലു കൊല്ലം മുമ്പ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കൊന്നു കുഴിച്ചുമൂടിയെന്നും ഭൗതികാവശിഷ്ടങ്ങള്‍ അവിടെ കണ്ടെത്തിയെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ അറിയിച്ചത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, പട്്‌ന, കൊല്‍ക്കത്ത സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവരെ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. അന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 40 പേരില്‍ പഞ്ചാബ് സ്വദേശി ഹര്‍ജിത് മസിഹ് മാത്രമാണ് രക്ഷപ്പെട്ടത്.

Related News