Wednesday
17 Oct 2018

കാന്‍സറിനോട് പൊരുതുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ‘കമ്മ്യൂണിയന്‍’

By: Web Desk | Sunday 4 February 2018 10:34 PM IST

സ്വന്തം ലേഖിക
കൊച്ചി: കാന്‍സര്‍ എന്ന മഹാവിപത്തിനോട് പൊരുതി ജീവന്‍ തിരികെ പിടിച്ചവരുടെ സംഗമത്തില്‍ പങ്കുവച്ച അനുഭവവും ആത്മവിശ്വാസവും അവര്‍ക്ക് അതിജീവനത്തിന് വഴികാട്ടിയായി. കാന്‍സറിനോട് പൊരുതുന്നവരും പൊരുതി ജയിച്ചവരും കണ്ടുമുട്ടിയ ചടങ്ങ് ഏറെ ഹൃദ്യമായി. നിശ്ചയദാര്‍ഡ്യവും ആത്മവിശ്വാസവും കൊണ്ട് രോഗത്തെ തോല്‍പ്പിച്ചവര്‍ നിലവില്‍ രോഗത്തിന്റെ പിടിയിലായവര്‍ക്ക് പോരാട്ട വീര്യത്തിന്റെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കി.
ലോക കാന്‍സര്‍ ദിനത്തിനോട് അനുബന്ധിച്ച് ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചി കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച കമ്മ്യൂണിയന്‍ 2018ലാണ് കാന്‍സര്‍ രോഗത്തില്‍ നിന്ന് മോചനം നേടിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. നിലവില്‍ രോഗത്തിന് ചികില്‍സിക്കുന്നവരും കൂട്ടായ്മയില്‍ എത്തിയിരുന്നു. വേദന നിറഞ്ഞ് നിന്ന അന്തരീക്ഷം പതുക്കെ കളികള്‍ക്കും തമാശകള്‍ക്കും സംഗീതത്തിനും വഴിമാറിയതോടെ രോഗത്തിന്റെ തീവ്രത മറന്ന് ഏവരും പങ്കാളികളായി.
എറണാകുളം രാമവര്‍മ്മ ക്ലബ്ബില്‍ നടന്ന കമ്മ്യൂണിയന്‍ 2018ല്‍ കാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗം ആളുകളും അവരവരുടെ കഴിവിനനുസരിച്ചുള്ള വിവിധ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു. ഗസലും മലയാള സിനിമാ ഗാനവുംചേര്‍ത്ത് വിഷ്ണു അവതരിപ്പിച്ച മെഡ്ലിയും, അപര്‍ണ്ണയുടെ വയലിന്‍ സംഗീതവുമെല്ലാം ശ്രദ്ധേയമായി. ഇവരെ ആസ്വാദകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താനും കഴിവുകള്‍ വിശദീകരിക്കുവാനും ഡോ. വി പി ഗംഗാധരന്‍ തന്നെ മുന്‍കൈയെടുത്തു. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും പ്രോല്‍സാഹനമായി കാന്‍സര്‍ സൊസൈറ്റി സ്നേഹ സമ്മാനവും വിതരണം ചെയ്തു. കലാപരിപാടികള്‍ വേദിയില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ആസ്വാദകര്‍ക്കിടയില്‍ കാഴ്ചക്കാരനായി 2015ലെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ക്രിയാത്മകതയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അന്‍ജന്‍ സതീഷുമുണ്ടായിരുന്നു. തന്റെ മുന്നിലെത്തുന്നവരുടെ ചിത്രങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ വരയ്ക്കുന്ന അന്‍ജന്‍ ഇന്നലെയും പെന്‍സിലെടുത്തപ്പോള്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുവാന്‍ പരിപാടിക്കെത്തിയവര്‍ തിടുക്കംകൂട്ടി. സിനിമാ താരങ്ങളായ ജനാര്‍ദ്ദനന്‍, അഞ്ജലി അനീഷ്, സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തി.

Related News