Wednesday
22 Aug 2018

വീട് നശിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഇ ചന്ദ്രശേഖരന്‍

By: Web Desk | Thursday 17 May 2018 7:36 PM IST

പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്ന പ്രദേശത്ത് എത്തിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

മലപ്പുറം: കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്ന് രണ്ട് വീടുകള്‍ നശിച്ച സംഭവത്തില്‍ രണ്ടു കുടുംബങ്ങള്‍ക്കും അടിയന്തരമായി നാലുലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരന്തസാധ്യതയുള്ള ഈ പ്രദേശം ആളുകള്‍ക്ക് പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിഭാസത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായിരിക്കുന്ന ഇവിടെ ഭൂമിയുടെ കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. ഭൂമിക്കടിയിലെ മണ്ണൊലിപ്പ് മൂലമാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. സ്ഥലത്ത് അപകടസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ഥലത്ത് അടിയന്തരമായി വേലികെട്ടാനും പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ കളക്ടര്‍ അമിത് മീണ, തിരൂര്‍ ആര്‍ഡിഒ മോബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ പി ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, സിപിഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ജി സുരേഷ്‌കുമാര്‍, പ്രൊഫ.ഇപി മുഹമ്മദലി, മൊയ്തീന്‍ കോയ തുടങ്ങിയവരും മന്ത്രിയൊടൊപ്പമുണ്ടായിരുന്നു.

നാലു വര്‍ഷം മുമ്പായിരുന്നു പ്രദേശത്ത് വിള്ളലുണ്ടായി തുടങ്ങിയത്. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്‍റെ വീട്ടിലായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറ്റിയിരുന്നു. തൊട്ടടുത്തുള്ള സ്ഥലത്തുള്ള വീട്ടിലും ഇതേ പ്രതിഭാസം ഉണ്ടായി. ഇവിടെ പറമ്പില്‍ മേയുകയായിരുന്ന പരുത്തിക്കുന്നന്‍ സമദിന്‍റെ ആട്ടിന്‍കുട്ടി കഴിഞ്ഞ ദിവസം വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു പോയിരുന്നു. ഇതിനെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതൊടെയാണ് പ്രദേശത്തുക്കാര്‍ക്ക് ഭീതി ഉടലെടുത്തത്. തൊട്ടടുത്ത പൊട്ടംചോല റഹീമിന്‍റെ വീടാണ് ഇപ്പോള്‍ വീണ്ടുകീറിയിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് റഹീമിന്‍റെ ഭാര്യയും നാലുകുട്ടികളും ഇവിടെ നിന്ന് രണ്ടു ദിവസം മുമ്പ് താമസം മാറി.

ഈ പ്രദേശത്ത് 900 സ്‌ക്വയര്‍ മീറ്ററോളം ഈ അവസ്ഥയാകാനാണ് സാധ്യത കാണുന്നതായി ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ജി ശങ്കറിന്‍റെ പറഞ്ഞു. ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനദുരന്തനിവാരണ സേനാ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്. ജില്ലയില്‍ സമാനരീതിയില്‍ പാണ്ടിക്കാട്, മലപ്പുറം, കാലിക്കറ്റ് സര്‍വ്വകലാശാല പരിസരം എന്നിവിടങ്ങളില്‍ മുന്‍കാലങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ജില്ലയില്‍ ശാസ്ത്രീയമായി പഠിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.