Wednesday
21 Nov 2018

ക്ഷേത്രപ്രവേശനത്തിന് മതം തടസമാകരുത്: സുപ്രിംകോടതി

By: Web Desk | Friday 6 July 2018 10:36 PM IST

ന്യൂഡല്‍ഹി: ജാതി, മതവ്യത്യാസങ്ങള്‍ക്കപ്പുറം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ ഭക്തര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രിം കോടതി. പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രവേശനം സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. അന്യമതസ്ഥര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള കേരളത്തിലേതടക്കമുള്ള നിരവധി ക്ഷേത്രങ്ങളിലും പരാതി ഉണ്ടെങ്കില്‍ ഈ വിധി ബാധകമാകാവുന്ന സാധ്യതകളാണ് സുപ്രിംകോടതി വിധിയില്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലേയും നടത്തിപ്പും രീതികളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. സമിതിയെ നിയോഗിക്കുന്നതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.വിശ്വാസികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഈ സമിതി പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.

ക്ഷേത്രാചാരങ്ങളും മര്യാദകളും പാലിക്കാന്‍ തയാറാകുന്ന ഏതുമതസ്ഥരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് പുരി ജഗന്നാഥ ക്ഷേത്രം മാനേജ്‌മെന്റിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചത്. ക്ഷേത്രത്തില്‍ നിലവിലുള്ള വസ്ത്രധാരണ രീതികളടക്കം പാലിക്കാന്‍ തയ്യാറാകുന്ന വിശ്വാസികള്‍ക്ക്, അവരുടെ മതമേതെന്ന് നോക്കാതെ തന്നെ ആരാധനയ്ക്കുള്ള സൗകര്യമൊരുക്കുന്ന കാര്യം പരിഗണിച്ച് ഉചിതമായി തീരുമാനിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ എ കെ ഗോയല്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു

വസ്ത്രധാരണച്ചട്ടങ്ങള്‍ ഉള്‍പ്പെടെ, ക്ഷേത്ര നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഏത് മതവിശ്വാസിയെയും ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃണാളിനി പഥിയാണ് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.ഹിന്ദുമതം മറ്റേതൊരു വിശ്വാസത്തെയും തള്ളിപ്പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസികളെയും വിശ്വാസത്തെയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കോടതിക്ക് തയ്യാറാക്കി ഹൈക്കോടതിക്ക് കൈമാറാം. അതൊരു പൊതുതാത്പര്യ ഹര്‍ജി പോലെ പരിഗണിച്ച് ഹൈക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാവുന്നതാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.

പുരിയില്‍ ധാരാളം സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലില്‍ എല്ലാവര്‍ക്കും ദര്‍ശന സൗകര്യം നല്‍കാറില്ലെന്ന് പുരി ജില്ലാ ജഡ്ജി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ പല പ്രധാന ക്ഷേത്രങ്ങളും ഇതര മതവിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും റിപ്പോര്‍ട്ട് നല്‍കി. ഇവ പരിശോധിച്ച കോടതി, ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് പുരി ക്ഷേത്രം മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

Related News