Saturday
16 Dec 2017

ജറുസലേം, അമേരിക്കയെ പിന്തുണക്കാനില്ലെന്ന് ഇന്ത്യ

By: Web Desk | Thursday 7 December 2017 4:22 PM IST

ദില്ലി: പലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുമെന്നും ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നിലപാടിനെ പിന്തുണക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടേത് സ്വതന്ത്ര നിലപാടാണെന്നും മൂന്നാമതൊരു രാജ്യത്തിന് തങ്ങളുടെ നിലപാടിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ അമേരിക്കയെ പിന്തുണക്കില്ലെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.
ബുധാനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. കൂടാതെ ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനമായി ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയുടെ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വതവേ കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്
ബുധനാഴ്ച വൈറ്റ് ഹൈസില്‍ വെച്ചായിരുന്നു വിവാദ പ്രഖ്യാപനം നടത്തിയത്. സഖ്യരാഷ്ട്രങ്ങളുടെ അഭിപ്രായം മാനിക്കാതെ ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ട്രംപിന്റെ മുന്‍ഗാമികള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യം അമേരിക്കയാണ്.

മുസ്ലീം , ക്രിസ്ത്യന്‍, ജൂത മതവിഭാഗക്കാരുടെ വിശുദ്ധ നഗരമായാണ് ജെറുസലേമിനെ കാണുന്നത്. ഇതു കൊണ്ടു തന്നെ ജറുസലമിന്റെ പദവിയെക്കുറിച്ച് നിലവില്‍ ഇവിടെ തര്‍ക്കങ്ങള്‍ അരങ്ങേറുന്നുണ്ട്. ട്രംപിന്റെ പ്രഖ്യാപനം മറ്റൊരു പ്രശ്‌നത്തിനു വഴിവെയ്ക്കാനും സാധ്യതയുണ്ട്.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ എംബസി അങ്ങോട്ട് മാറ്റണമെന്ന ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ടെല്‍അവീവിലാണ് ഇന്ത്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്. നിലവില്‍ ജറുസലേമില്‍ മറ്റൊരു രാജ്യത്തിനും എംബസികളില്ല