Sunday
16 Dec 2018

കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് ജര്‍മ്മനി 1,648 കോടി വായ്പ നല്‍കും

By: Web Desk | Friday 7 December 2018 10:33 PM IST

തിരുവനന്തപുരം: കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് സഹായഹസ്തവുമായി ജര്‍മ്മനി. 1,648 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് നല്‍കും. 720 കോടി രൂപയുടെ വായ്പയ്ക്കുപുറമെ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയുമാണ് നല്‍കുകയെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നൈ അറിയിച്ചു.

കേന്ദ്ര തല പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനതലത്തില്‍ ഗവര്‍ണറുമായും ജര്‍മ്മന്‍ സംഘം കൂടിക്കാഴ്ച നടത്തി. വിശ്രമത്തിലായതിനാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നില്ല.
ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് 720 കോടി രൂപ (90 ദശലക്ഷം യൂറോ) വായ്പയായി നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തില്‍ റോഡുകളും പാലങ്ങളും നിര്‍മിച്ച് ഗതാഗത അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനാണ് ഈ വായ്പ. 24 കോടി രൂപയുടെ (മൂന്ന് ദശലക്ഷം യൂറോ) സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സഹകരണത്തിന്റെ ഘടനാരൂപം അനുസരിച്ച് കൊച്ചി നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിനായി സംയോജിത വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ 940 കോടി രൂപയുടെ സഹായം നല്‍കുന്നതിന് കൊച്ചി നഗരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും പത്ത് ദീപ സമൂഹങ്ങളെ (ജനസംഖ്യ 5 ലക്ഷം) ബന്ധിപ്പിക്കുന്ന 76 കിലോമീറ്റര്‍ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ പദ്ധതി 2035ല്‍ പൂര്‍ത്തിയാകും.
ഡിസംബര്‍ 10ന് കൊച്ചി സ്മാര്‍ട്‌സിറ്റിയുടെ ഇന്നവേഷന്‍ലാബ് അംബാസഡര്‍ ഉദ്ഘാടനം ചെയ്യും.
ബംഗളൂരു ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കാള്‍ ഫിലിപ്പ് എല്‍ഡിംഗും തിരുവനന്തപുരം ഓണററി കോണ്‍സല്‍ ഡോ.സയിദ് ഇബ്രാഹിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.