Monday
19 Nov 2018

ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ കേരള പുനഃസൃഷ്ടി അര്‍ത്ഥവത്താകൂ: കാനം

By: Web Desk | Thursday 25 October 2018 10:50 PM IST

സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതി’ ദ്വിദിന ദേശീയ സെമിനാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വികേന്ദ്രീകൃത തീരുമാനങ്ങളിലൂടെയും താഴെതട്ടിലുള്ള ജനാധിപത്യ പ്രക്രിയയിലൂടെയും മാത്രമേ കേരള പുന:സൃഷ്ടി അര്‍ത്ഥവത്താകൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മിതി’ എന്ന ദ്വിദിന ദേശീയ സെമിനാര്‍ കനകക്കുന്ന് കൊട്ടാരം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫൗണ്ടേഷന്‍ പ്രസിഡന്റു കൂടിയായ കാനം.

ജനങ്ങളുടെ വിശ്വാസവും പിന്തുണയും ആര്‍ജ്ജിച്ചുകൊണ്ടു മാത്രമേ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകു. ഓരോ മേഖലയിലും നടക്കേണ്ട പ്രവര്‍ത്തനം അതാതു മേഖലകളിലെ സാഹചര്യം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെടണം. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണം. അതിന് ആവശ്യമായ നയപരിപാടികള്‍ക്ക് രൂപം നല്‍കണം. ഈ നയപരിപാടികള്‍ ജനകേന്ദ്രീകൃതമാവുകയും വേണം. നമ്മുടെ നാടിന്റെ പാരിസ്ഥിതിക സ്ഥിതി കണക്കില്‍ എടുത്തുകൊണ്ടുവേണം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ടു നീക്കേണ്ടത്.

ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ നമ്മുടെ മുമ്പിലുണ്ടാവണം. ജനങ്ങളുടെ ആശയ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് പരിസ്ഥിതി സൗഹൃദമായ ഒരു പുനര്‍സൃഷ്ടിയാണ് കേരളം ആഗ്രഹിക്കുന്നത്. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയേ നമുക്ക് ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനാകൂ എന്നും കാനം പറഞ്ഞു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ പത്മശ്രീ പ്രൊഫ. ശേഖര്‍ പഥക് പ്രത്യേക പ്രഭാഷണം നടത്തി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ദുരന്ത നിവാരണ പഠന കേന്ദ്രം മേധാവിയും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പറുമായ പ്രൊഫ. ജന്‍കി അന്ധാരിയ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറും മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറുമായ ഡോ. എസ് ജാനകീ രാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ഉച്ചയ്ക്ക് ശേഷം നടന്ന ഭൗതികാടിത്തറ; ഒരു പരിശോധന എന്ന വിഷയത്തിലുള്ള സെഷനില്‍ പ്രൊഫ. ബി വിവേകാനന്ദന്‍ അധ്യക്ഷനായി. ഡോ. സി പി രാജേന്ദ്രന്‍, ഡോ. സനല്‍കുമാര്‍, പ്രൊഫ. യുഎസ് മിശ്ര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ മേഖലകളുടെ സന്തുലനവും വീണ്ടെടുപ്പും എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഡോ. വി എസ് വിജയന്‍ അധ്യക്ഷനായി. കെ മോഹന്‍ദാസ് റിട്ട. ഐഎഎസ്, പ്രൊഫ. മേരി ജോര്‍ജ്ജ്, ഡോ. അനില്‍കുമാര്‍, ഡോ. സജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍ ഷണ്‍മുഖംപിള്ള സ്വാഗതവും സെമിനാര്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ. പി സുകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, കണ്‍വീനര്‍ അഡ്വ. ജി ആര്‍ അനില്‍ എന്നിവര്‍ സന്നിഹിതരായി.

Related News