Friday
20 Jul 2018

റിസര്‍വ് ബാങ്കിന്റെ പേരില്‍ കേന്ദ്രത്തിന്റെ കള്ളത്തരം

By: Web Desk | Thursday 19 October 2017 11:25 PM IST

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന തീരുമാനം റിസര്‍വ് ബാങ്കിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ കള്ളത്തരമായിരുന്നെന്ന് വ്യക്തമായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേത് മാത്രമാണെന്നാണ് രേഖ വിശദീകരിക്കുന്നത്.
ആധാര്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കോടതിയില്‍ നിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ആര്‍ബിഐ ഒരു ഹര്‍ജിയും നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശത്തിലൂടെ മറുപടി ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനത്തിലൂടെയാണ് ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് നല്‍കിയതെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് കാണിച്ച് ഇതിനെ ചോദ്യം ചെയ്ത് ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ബാങ്ക് അകൗണ്ടുമായി ആധാര്‍-പാന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. 2017 ജൂണ്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാന്‍ കാര്‍ഡും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്കുമായുള്ള തീരുമാനങ്ങളില്‍ അന്തിമവിധി കല്‍പ്പിക്കേണ്ട റിസര്‍വ് ബാങ്ക് ഇതുവരെ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.
സ്വകാര്യത മൗലികാവകാശമാണെന്ന് ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ഓഗസ്റ്റില്‍ വിധി പ്രസ്താവിച്ചിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുളള അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്ന് വിലയിരുത്തിയായിരുന്നു കോടതി അഭിപ്രായം പ്രകടിപ്പിച്ചത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആധാര്‍ പദ്ധതികളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലായിരുന്നു.