Tuesday
11 Dec 2018

ജിഎസ്ടി വരുമാനം 80,808 കോടി രൂപയായി കുറഞ്ഞു

By: Web Desk | Wednesday 27 December 2017 10:40 PM IST

ന്യൂഡല്‍ഹി: നവംബറിലെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം 80,808 കോടി രൂപയായി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം കുറയുന്നത്. ഒക്‌ടോബറില്‍ 83,000 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് 2538 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഈ മാസം 25 വരെ ശേഖരിച്ച നവംബറിലെ ജിഎസ്ടി വരുമാനം 80,808 കോടി രൂപയാണെന്നും ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഭിച്ച തുകയില്‍ 7,798 കോടി രൂപ കോമ്പന്‍സേഷന്‍ സെസ് ആണ്. കൂടാതെ 13,089 കോടി രൂപ കേന്ദ്ര ജിഎസ്ടി(സിജിഎസ്ടി)യും 18,650 കോടി രൂപ സംസ്ഥാന ജിഎസ്ടി(എസ്ജിഎസ്ടി)യും 41,270 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.
ഡിസംബര്‍ 25വരെ ജിഎസ്ടിയുടെ കീഴില്‍ 99.01 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 16 ലക്ഷം പേര്‍ കോംപോസിറ്റ് പരിധിയില്‍ വരുന്നതിനാല്‍ മൂന്ന് മാസത്തിലൊരിക്കലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഈ മാസം 25 വരെയുള്ള കണക്കുകള്‍ പ്രകാരം 53.06 ലക്ഷം പേരാണ് നവംബര്‍ മാസത്തിലെ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. വരുന്ന മാസങ്ങളിലും നികുതി വരുമാനത്തില്‍ കുറവ് ഉണ്ടാകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Related News