Thursday
24 Jan 2019

പൂമരച്ചോട്ടില്‍

By: Web Desk | Saturday 17 March 2018 1:51 PM IST

കെ കെ ജയേഷ്
മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി ക്യാമ്പസ് സിനിമകളുണ്ട്. സര്‍വ്വകലാശാലയും ക്ലാസ്‌മേറ്റ്‌സും ആനന്ദവുമെല്ലാം കൗമാരത്തിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ ആഘോഷങ്ങളായിരുന്നു. ഈ കൂട്ടത്തിലേക്കാണ് കാത്തുകാത്തിരുന്ന് പൂമരമെത്തിയത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ഈ ചിത്രം പക്ഷെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ക്യാ മ്പസ് ചിത്രങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ്.
പതിവ് ചിട്ടവട്ടങ്ങള്‍ക്കൊപ്പിച്ച് മുന്നേറുന്ന കഥയോ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ ഉള്ള ഒരു  ക്യാമ്പസ് ചിത്രമല്ല പൂമരം, ഇന്റര്‍വെല്‍ പഞ്ചോ, ക്ലൈമാക്‌സ് ട്വിസ്റ്റോ പൂമരത്തില്‍ പ്രതീക്ഷിക്കേണ്ട. ചുരുക്കത്തില്‍ ഒരു കഥപോലും പൂമരത്തില്‍ തിരയേണ്ടതില്ലെന്ന് സാരം.
ആക്ഷന്‍ ഹീറോ ബിജുവിന്‍റെ വിജയമാകാം ഇത്തരമൊരു സിനിമയിലേക്ക് എബ്രിഡിനെ നയിച്ചത്. വ്യക്തമായൊരു കഥയില്ലാത്ത ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ. ഒരു പൊലീസ് ഉദ്യോഗസ്ഥനുമൊത്തുള്ള യാത്രയായിരുന്നു ആ ചിത്രമെങ്കില്‍ ഇവിടെ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ കലോത്സവ വേദിയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകന്‍. അഞ്ചു ദിവസം നീളുന്ന ആ കലോത്സവ വേദിയില്‍ കാണുന്ന കാഴ്ചകള്‍ റിയലിസ്റ്റിക്കായി പകര്‍ത്താനാണ് സംവിധായകന്‍റെ ശ്രമം.
സ്റ്റേജില്‍ മത്സരങ്ങള്‍ അരങ്ങേറുന്നു..
ചില നിശബ്ദ പ്രണയങ്ങള്‍ വഴികളില്‍ പൂവിരിക്കുന്നു..
പാട്ടും കവിതയും ചിറക് വിരിക്കുന്നു..
മത്സരങ്ങളുടെ ടെന്‍ഷനുമായി നടക്കുന്ന മത്സരാര്‍ത്ഥികള്‍..
മത്സരം കാണാനെത്തി ക്യാമ്പസിലൂടെ ചുറ്റിത്തിരിയുന്ന മറ്റു ചിലര്‍..
ഉഡായിപ്പ് വേലത്തരങ്ങളുമായി ചില നൃത്താധ്യാപകര്‍..
പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ വഷളാവാതെ കാക്കാനെത്തിയ പൊലീസുകാര്‍..
ചായക്കടക്കാരന്‍..
കലോത്സവ വേദിയിലൂടെ സ്‌പെഷ്യല്‍ സ്റ്റോറികള്‍ തപ്പി നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍..
മത്സരക്കാഴ്ചകളിലൂടെ സഞ്ചരിച്ച് നന്മയിലേക്ക് മിഴി തുറന്ന് സിനിമ അവസാനിക്കുകയും ചെയ്യുന്നു. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മീരാ ജാസ്മിനും സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ കുഞ്ചാക്കോ ബോബനുമെത്തുന്നു. ഇതിനിടയില്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന യൂണിയന്‍ ചെയര്‍മാനും…
ഈ കാഴ്ചകള്‍ക്കിടയിലാണ് പ്രേക്ഷകനും.
തുടര്‍ച്ചയായി കിരീട ജേതാക്കളായുള്ള സെന്റ് തെരേസാസും മഹാരാജാസ് കോളെജും തമ്മുലുള്ള വാശിയേറിയ മത്സരവും അതിനിടയില്‍ സംഭവിക്കുന്ന ചെറിയ ചില സംഭവങ്ങളുമാണ് കലോത്സവ വേദിയില്‍ കാണാനുള്ളത്. കേന്ദ്രീകൃതമായൊരു കഥയില്ലെങ്കിലും രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ആക്ഷന്‍ ഹീറോ ബിജുവിന് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊടുത്തത്. പൂമരത്തില്‍ പക്ഷെ അത്രയും രസകരമായ മുഹൂര്‍ത്തങ്ങളൊരുക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നുണ്ട്. അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാവണം രണ്ടാം പകുതിയില്‍ കലോത്സവ വേദിയില്‍ നിന്ന് ഒരു പൊലീസ് സ്റ്റേഷനിലേക്ക് സംവിധായകന്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
രസകരമാണ് ഈ രംഗങ്ങളെങ്കിലും ആക്ഷന്‍ ഹീറോ ബിജുവിലെ രംഗങ്ങളുടെ പകര്‍പ്പായി ഈ കാഴ്ചകള്‍ മാറിപ്പോകുന്നുണ്ട്. മനോഹര ദൃശ്യങ്ങളും റിയലിസ്റ്റിക്കായ അവതരണവും നല്ല പാട്ടുകളും സത്യന്ധമായ കലാലയ കാഴ്ചകളുമൊക്കെയുണ്ടെങ്കിലും പറഞ്ഞുപോകാന്‍ ഒരു കഥയില്ലാത്തതിന്‍റെ .. സംഭവങ്ങളെ ചേര്‍ത്തുകൊണ്ടുപോകുന്ന രസച്ചരടിന്‍റെ അഭാവം പ്രേക്ഷകര്‍ക്ക് വിരസത സമ്മാനിച്ച് പലപ്പോഴും സിനിമയില്‍ നിറഞ്ഞു നില്‍പ്പുണ്ട്. വളരെ പതുക്കയുള്ള അവതരണത്തിനൊപ്പം  കഥയില്ലായ്മ സാധാരണ പ്രേക്ഷകരെ നിരാശരാക്കന്നുണ്ടെന്നത് വ്യക്തമാണ്. റിയലിസ്റ്റിക്കാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാവണം ചില കലാപരിപാടികളെല്ലാം പൂര്‍ണ്ണമായും തന്നെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ പക്ഷെ സിനിമയെന്ന നിലയില്‍ പൂമരത്തെ തളര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറയാതെ വയ്യ. നായകനും പിതാവുമൊത്തുള്ള സംഭാഷണ രംഗങ്ങളെല്ലാം പലപ്പോഴും അരോചകമാവുകയും ചെയ്യുന്നുണ്ട്. ക്യാമ്പസ് കഥയാണ് പറയുന്നതെങ്കിലും അതിനൊപ്പിച്ച് ആക്ഷനും വര്‍ണ്ണങ്ങളും വാരിവിതയ്ക്കാതെ പുതിയൊരു പരീക്ഷണമാണ് എബ്രിഡ് ഷൈന്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ റിയലിസ്റ്റിക്കാക്കാനുള്ള ശ്രമം പക്ഷെ പലയിടത്തും മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാലും ഈ പോരായ്മകള്‍ക്കിടയിലും ചിത്രത്തെ കണ്ടിരിക്കാവുന്ന ഒന്നാക്കി മാറ്റുന്നത് എബ്രിഡ് ഷൈനിന്‍റെ സംവിധായക മികവ് തന്നെയാണ്.  വേഗത ആഗ്രഹിക്കുന്ന പുതുതലമുറ പക്ഷെ, എത്രത്തോളം ഈ കലാലയ കാഴ്ചകള്‍ ആസ്വദിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചിത്രത്തിന്‍റെ വിജയപരാജയങ്ങള്‍.
വലിയ അഭിനയ സാധ്യതയുള്ള കഥാപാത്രമൊന്നുമല്ല കാളിദാസിന്‍റെ കോളെജ് ചെയര്‍മാനായ ഗൗതം. എന്നാല്‍ പാടി അഭിനയിക്കുന്ന രംഗങ്ങളില്‍ ഉള്‍പ്പെടെ കാളിദാസ് മികവ് പുലര്‍ത്തിയിട്ടുണ്ട്. ഐറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കണ്ടുപരിചയിച്ച മുഖങ്ങള്‍ ഏറെയൊന്നും ചിത്രത്തിലില്ല. എന്നാല്‍ പുതുമുഖങ്ങളെല്ലാം തന്നെ ക്രിത്രിമത്വമില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
കലോത്സവങ്ങളുടെ സംഘാടകനായോ മത്സരാര്‍ത്ഥിയായോ കാഴ്ചക്കാരനായോ പങ്കെടുത്ത ഒരാളാണ് നിങ്ങളെങ്കില്‍ സിനിമയിലെ പല കാഴ്ചകളും നിങ്ങളെ രസിപ്പിക്കും.. ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവും..കലോത്സവങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിലും ഈ കാഴ്ചകള്‍ നിങ്ങളെ സന്തോഷിപ്പിക്കും. ഇതൊന്നും താത്പര്യമില്ലാത്ത ഒരാളെ സംബന്ധിച്ച് ഈ സിനിമ എത്രത്തോളം അവരെ തൃപ്തിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമുണ്ട്..