Saturday
23 Jun 2018

കുഞ്ഞിക്കവിതകള്‍ക്ക് പിന്നിലെ വലിയ രഹസ്യങ്ങള്‍

By: രമ്യ മേനോന്‍ | Monday 14 August 2017 7:55 PM IST

 

മലയാളി മനസില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന കുഞ്ഞുഗാനമാണ് ‘കാക്കേ കാക്കേ കൂടെവിടെ’. മഹാകവി ഉള്ളൂര്‍ രചിച്ചതും ഏറ്റവും പ്രചാരത്തിലുള്ളതുമായ ഈ കുഞ്ഞിക്കവിതയില്‍ കാക്കയുടെ കൗശലം മാത്രമല്ല ഒരമ്മയ്ക്ക് മക്കളോടുള്ള സ്‌നേഹവുമാണ് കവി വരച്ചുകാട്ടുന്നത്. അതേസമയം ഇംഗ്ലീഷിലെ വിഖ്യാതമായ കുട്ടിക്കവിതകളില്‍ ഇത്തരത്തില്‍ പ്രത്യേകിച്ചൊരു സാരാംശവും ചികയാനില്ല. എന്നാല്‍ സാരാംശങ്ങളില്ല എന്ന കാരണങ്ങളില്‍ ഈ കവിതകള്‍ നിസാരമാണെന്ന് കരുതരുത്. നിസാരമെന്ന് കരുതുന്ന ഇത്തരം കുഞ്ഞുകവിതകള്‍ക്ക് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത ചരിത്ര സംഭവങ്ങളുണ്ട്. കുട്ടികള്‍ക്കായി നാം പകര്‍ന്നുനല്‍കുന്ന ഇംഗ്ലീഷ് നഴ്‌സറി റൈംസിന് പിന്നിലെ വസ്തുതകള്‍ ഇതാ –

ഹംറ്റി ഡംറ്റി
ഹംറ്റി ഡംറ്റി ഒരു വ്യക്തിയേ അല്ല. 164249 ലെ ബ്രിട്ടീഷ് ആഭ്യന്തരയുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു കൂറ്റന്‍ പീരങ്കിയായിരുന്നു അത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ‘തടിയന്‍/തടിച്ചി’ എന്ന അര്‍ഥത്തിലാണ് ഹംറ്റി ഡംറ്റി എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. 1648 മാണ്ടില്‍ റോയലിസ്റ്റുകള്‍ ഹംറ്റി ഡംറ്റിയെ ഉറപ്പിച്ചിരുന്ന സെന്റ് മേരീസ് പള്ളി പാര്‍ലമെന്റേറിയന്‍സ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ പള്ളിയുടെ കോട്ടയില്‍ ഉറപ്പിച്ചിരുന്ന ഹംറ്റി ഡംറ്റി (പീരങ്കി) താഴെ വീണു. രാജാവിന്റെ മുഴുവന്‍ കുതിരകളും പട്ടാളവും ഒത്തുപിടിച്ചിട്ടും അതിന്റെ അതിയായ ഭാരം നിമിത്തം ഹംറ്റി ഡംറ്റിയെ തിരിച്ച് വേറെ കോട്ടയില്‍ കൊണ്ട് വെയ്ക്കാന്‍ സാധിച്ചില്ല. ഇത് റോയലിസ്റ്റുകള്‍ക്ക് തന്ത്രപ്രധാനമായ കോള്‍ചെസ്റ്റര്‍ നഗരം നഷ്ടപ്പെടുവാന്‍ കാരണമായി. അതാണ് ഈ പാട്ടിനു പിന്നിലുള്ള കഥ.

ബാ ബാ ബ്ലാക്ക് ഷീപ്പ്
1731ല്‍ ഉത്ഭവിച്ച ബാ ബാ ബ്ലാക്ക് ഷീപ്പ് നഴ്‌സറി ക്ലാസുകളിലെ ഏറ്റവും പ്രിയങ്കരങ്ങളായ ഗാനങ്ങളില്‍ ഒന്നാണ്. ഒരു കുട്ടിയും ആടും തമ്മിലുള്ള സംഭാഷണ ശകലങ്ങളാണ് ഇതിന്റെ ഇതിവൃത്തം. മധ്യകാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സൂഷ്മതയും കമ്പിളിയിന്മേല്‍ പോലുമുള്ള നികുതി ഈടാക്കലിനെയുമെതിരെയുള്ള അധിക്ഷേപമായിരുന്നു ഇതിന്റെ ഉത്ഭവത്തിനു പിന്നിലെന്നും കഥകളുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് ബാ ബാ ബ്ലാക് ഷീപ്പ് എന്നതിനു പകരം ബാ ബാ റെയിന്‍ബോ ഷീപ്പ് എന്ന് ഇതിന്റെ വരികള്‍ മാറ്റി എഴുതുകയുണ്ടായി. വിവാദങ്ങള്‍ കാലക്രമേണ മറന്നു തുടങ്ങിയിരിക്കാം എന്ന് സാംസ്‌കാരിക സമൂഹത്തിന് തോന്നിത്തുടങ്ങിയ സാഹചര്യത്തില്‍പ്പോലും കവിതയിലെ കറുപ്പിനെക്കുറിച്ചുള്ള പരാമര്‍ശം വംശീയ അധിക്ഷേപത്തിന് കാരണമാകുമെന്ന് ജനങ്ങള്‍ ഭയന്നു. അതിനാല്‍ വിക്ടോറിയയിലെ ചില കിന്റര്‍ ഗാര്‍ഡനുകളിലെ കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം പാഠഭാഗങ്ങളില്‍ ഈ കവിത ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്.

ഹിയര്‍ വീ ഗോ റൗണ്ട് ദ മള്‍ബറി ബുഷ്
1840 കളിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ആര്‍ എസ് ഡ്യുക്യാന്‍ എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ ഇത് പണ്ട് ഇംഗ്ലണ്ടിലെ ജയിലുകളില്‍ നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. 420 വര്‍ഷങ്ങള്‍ക്ക് മുമ്പ് വനിതാ തടവുകാരെ മള്‍ബറി മരങ്ങള്‍ക്ക് ചുറ്റിനും ഓടിക്കുമായിരുന്നുവത്രെ. അവരെ ഓടിക്കുന്നതില്‍ പ്രതിഷേധിച്ചോ ഓര്‍മ്മയ്ക്കായോ രചിച്ച ഈ കവിത കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതിന് സമാനമായ കളികളും കുട്ടികള്‍ക്കിടയിലുണ്ട്.

ജാക്ക് ആന്‍ഡ് ജില്‍
ഫ്രാന്‍സിലെ രാജാവായ ലൂയി പതിനാറാമന്റെ കൊലപാതകവും രാജ്ഞി മേരി അന്റോനിറ്റിയുടെ മരണവുമാണ് ഇതിന്റെ ഇതിവൃത്തം. 1795ലണ് ഈ കവിത പ്രചാരത്തിലാകുന്നത്. വായ്‌മൊഴിപ്പാട്ടുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഈ ഗാനം 18ാ!ം നൂറ്റാണ്ടുകളില്‍ പ്രചാരത്തിലുണ്ടായിരുന്നതാണ്. പിന്നീട് ഒട്ടേറെ വ്യതിയാനങ്ങളും ഈ ഗാനത്തിന് വരികയുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ആണ്‍കുട്ടിയെ ജാക്ക് എന്നും പെണ്‍കുട്ടിയെ ജില്ലെന്നും വിളിക്കാറുണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ ആണ്‍കുട്ടികളെ ജാക്ക് എന്ന് വിളിക്കുന്നിനോടായിരുന്നു ഏറെ ഇഷ്ടമെന്നും ചരിത്രങ്ങള്‍ പറയുന്നു.

ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍
1744കളില്‍ ഇംഗ്ലണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഗാനമാണ് ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍. വായ്‌മൊഴിയായി പ്രചാരത്തിലെത്തിയ ഗാനം 19ാ!ം നൂറ്റാണ്ടോടുകൂടിയാണ് ബ്രിട്ടണിലും അമേരിക്കയിലുമൊക്കെ കരുത്താര്‍ജ്ജിച്ചത്. വരികളില്‍ മാറ്റം വരുത്തലുകള്‍ നടത്തിയ ശേഷം പല രീതികളില്‍ കവിത വീണ്ടും പ്രചാരത്തില്‍ വരികയുണ്ടായി. നോര്‍വേയിലെ രാജാവായിരുന്ന ഒലാഫ് രണ്ടാമന്റെ കാലത്തുണ്ടായിരുന്ന ലണ്ടന്‍ ബ്രിഡ്ജിന്റെ തകര്‍ച്ചയാണ് ഈ കവിതയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒരാളെ ബലികൊടുത്താല്‍ മാത്രമേ ലണ്ടന്‍ ബ്രിഡ്ജ് നിലനില്‍ക്കൂവെന്നായിരുന്നു വിശ്വാസം. അതിനായി പാലത്തിന് കാവല്‍ നില്‍ക്കുന്നയാളെ ബലി നല്‍കണമെന്നതായിരുന്നു അന്നത്തെ നിയമം. പക്ഷെ ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങളിലൊന്നും ആളപായം നടന്നിട്ടില്ലെന്നതാണ് കണ്ടെത്തിയത്. 1666കളില്‍ ലണ്ടനിലുണ്ടായ വലിയ തീപിടുത്തത്തില്‍ ഈ പാലം തകര്‍ന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി മാറേണ്ടതായിരുന്നു ഇതെന്നുമാണ് മറ്റുള്ള വിവരങ്ങള്‍. ഇതിലെ ലേഡി ആരെന്നുള്ളതിനെക്കുറിച്ചും പല പഠനങ്ങള്‍ അമേരിക്കന്‍ സാംസ്‌കാരിക വക്താക്കള്‍ തിരയുകയുണ്ടായി. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് ആളെ നല്‍കിയ കുടുംബത്തിലെ ഒരംഗമാണെന്നും അതല്ല ലണ്ടന്‍ ബ്രിഡ്ജ് കടന്നുപോകുന്ന തേംസ് നദിയുടെ കൈവഴിയെയാണ് ലേഡി എന്നു വിളിക്കുന്നെന്നും കഥകളുണ്ട്.

റിങ് എറൗണ്ട് ദ റോസി
നഴ്‌സറി ഗാനങ്ങളില്‍ ചൊല്ലിപ്പഠിക്കുന്നതിനെക്കാള്‍ കളിക്കാനായായിരിക്കും ഈ ഗാനം ഉപയോഗിക്കുക. വായ്‌മൊഴിയായി എത്തിയ ഈ ഗാനത്തിന്റെ ഉത്ഭവം 1790കളിലാണ്. ഇന്നത്തെ വരികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്ന വരികളായിരുന്നു അന്നത്തേതെങ്കിലും അതിന്റേതിന് സമാനമായ ഈണമാണ് ഇപ്പോള്‍ ഇറങ്ങിയ ‘റിങ് എറൗണ്ട് ദ റോസി’ ഗാനത്തിനെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. 1881ലാണ് ഇത് ആദ്യമായി എഴുത്തിന്റെ രൂപത്തില്‍ പ്രചാരത്തിലെത്തുന്നത്. 1665കളില്‍ ലണ്ടനില്‍ പ്ലേഗ് പകരുന്ന സമയത്താണ് ഈ ഗാനം പ്രചാരത്തിലെത്തുന്നത്. അതായത് പ്ലേഗാണ് ഇതിന്റെ ഇതിവൃത്തമെന്ന് സാരം. ഇംഗ്ലീഷില്‍ മാത്രമല്ല, ജര്‍മ്മന്‍ ഭാഷിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ഈ ഗാനം ജര്‍മ്മനിയിലും വമ്പന്‍ ഹിറ്റായിരുന്നു. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇല്ലെങ്കിലും ഗവേഷകര്‍ ഇതിന്റെ ഇതിവൃത്തം മറ്റൊരു രീതിയിലും അനുമാനിച്ചിരുന്നു. ഭാഗ്യമുള്ള കുട്ടികള്‍ക്ക് റോസാപ്പൂവിനെ ചിരിപ്പിക്കാം എന്നതും ഇതിന്റെ പിന്നിലെ ഒരു കഥയാണെന്ന് ചരിത്രം വിശദീകരിക്കുന്നു.