Monday
20 Aug 2018

കുഫോസില്‍ കരനെല്ല് കൃഷി

By: Web Desk | Saturday 2 June 2018 5:53 PM IST

കുഫോസില്‍ കരനെല്ല് കൃഷിയ്ക്ക് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ വിത്ത് വിതയ്ക്കുന്നു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, കുഫോസ് കാമ്പസ് ഓഫിസര്‍ ഡോ.എസ്.എം.റാഫി എന്നിവര്‍ സമീപം
കൊച്ചി: അന്യം നിന്ന് പോയ  കരനെല്ല് കൃഷിയെ കര്‍ഷകര്‍ക്ക് ഇടയില്‍ തിരികെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) മാതൃക കരനെല്ല് കൃഷിയ്ക്ക് തുടക്കം കുറിച്ചു.
കുഫോസിന്റെ പനങ്ങാട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ തരിശു കിടക്കുന്ന ഒരേക്കര്‍ ഭൂമിയിലാണ് കരനെല്ല് കൃഷിയ്ക്ക് വിത്തുപാകിയത്. വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ വിത്ത് വിതച്ചു.
കേരളത്തില്‍ തെങ്ങിൻ തോപ്പുകളിലും സമതലങ്ങളിലെയും ഇടനാട്ടിലെയും (midlands)  കരഭൂമികളിലും ഇടവിളയായി നടത്തിവന്നിരുന്ന നെല്‍കൃഷി രീതിയാണ് കരനെല്ല്.  തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും ഔഷധ ഗുണമുള്ളതുമായ പ്രത്യേക വിത്തിനങ്ങളാണ് കരനെല്ല് കൃഷി ഉപയോഗിച്ചിരുന്നത്.
  തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് വൈസ് ചാന്‍സര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. കരനെല്ല് കൃഷി ഇല്ലാതായതോടെ സമതലങ്ങളിലെ കുളങ്ങളിലും തോടുകളിലെയും ജലലഭ്യതയും കുറഞ്ഞു. ഇത് ഉള്‍നാടങ്ങള്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിനെയും ദോഷകരമായി ബാധിച്ചു.

കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്,  ഡോ.എസ്.എം.റാഫി തുടങ്ങിയവര്‍ വിത്തു വിതയ്ക്കല്‍  ചടങ്ങില്‍ പങ്കെടുത്തു. ഓണത്തിന് കൊയ്യാന്‍ പാകത്തിലാണ് കരനെല്ല് കൃഷിയ്ക്ക് കുഫോസില്‍ വിത്ത് പാകിയിരിക്കുന്നത് എന്ന് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് പറഞ്ഞു.