Monday
19 Feb 2018

വിദേശങ്ങളിലേക്ക് രാജ്യത്തെ അതിസമ്പന്നരുടെ കുത്തൊഴുക്ക്

By: Web Desk | Sunday 4 February 2018 9:40 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴായിരം അതിസമ്പന്നര്‍ 2017ല്‍ വിദേശത്തേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ട്. തൊട്ട് മുമ്പത്തെ വര്‍ഷത്തെക്കാള്‍ 16 ശതമാനം കൂടുതലാണിത്.
വിദേശത്ത് വാസമുറപ്പിക്കുന്ന കോടീശ്വരന്‍മാരുടെ കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുളളത്. ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ കണക്കുകള്‍ പ്രകാരം 2016ല്‍ ആറായിരം കോടീശ്വരന്‍മാരായ ഇന്ത്യാക്കാരാണ് വിദേശത്ത് വാസമുറപ്പിച്ചത്. 2015ല്‍ ഇത് നാലായിരം ആയിരുന്നു.
2017ല്‍ 10,000 ചൈനീസ് അതിസമ്പന്നര്‍ വിദേശത്തേക്ക് കുടിയേറി. തുര്‍ക്കിയില്‍ നിന്നുളള ആറായിരം സമ്പന്നര്‍ വിദേശത്ത് വാസമുറപ്പിച്ചു. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നാലായിരം പേര്‍ അന്യരാജ്യങ്ങളില്‍ പാര്‍പ്പുറപ്പിച്ചപ്പോള്‍ റഷ്യയില്‍ നിന്നുളള ഇത്തരക്കാരുടെ എണ്ണം 3000 ആണ്.
ഇന്ത്യയില്‍ നിന്നുളള കോടീശ്വരന്‍മാര്‍ അമേരിക്ക, യുഎഇ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ചൈനയില്‍ നിന്നുളളവര്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോയത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യം ഇന്ത്യയ്‌ക്കോ ചൈനയ്‌ക്കോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ നിന്ന് പോകുന്ന സമ്പന്നരെക്കാള്‍ കൂടുതല്‍ പേര്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടുത്തെ ജീവിത നിലവാരം മെച്ചപ്പെടുമ്പോള്‍ ഇവര്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വരുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ടിലുണ്ട്.
കോടീശ്വരന്‍മാര്‍ ഏറെയെത്തിയത് ഓസ്‌ട്രേലിയയിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരം അതിസമ്പന്നര്‍ ഇവിടെ വാസമുറപ്പിച്ചു. അമേരിക്കയെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ പിന്നിലാക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്ന സമ്പത്ത് 83ശതമാനം വര്‍ദ്ധിച്ചു. അതേസമയം അമേരിക്കയില്‍ ഇത് 20 ശതമാനം മാത്രമാണ് വളര്‍ന്നത്. തത്ഫലമായി അമേരിക്കയിലെ ഒരു ശരാശരി ധനികനായ പൗരനെക്കാള്‍ ആസ്‌ട്രേലിയന്‍ പൗരന്‍ ധനികനായി. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി.
അതിസമ്പന്നരുടെ ഇഷ്ടനാടുകളില്‍ രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്. 9000 പേരാണ് ഇവിടെ വാസമുറപ്പിച്ചത്. തൊട്ടുപിന്നാലെ കാനഡയും യുഎഇയുമുണ്ട്. അയ്യായിരം പേരാണ് ഇവിടെ താവളമുറപ്പിച്ചത്.
റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ആറാമത്തെ ധനിക രാഷ്ട്രമായി ഇന്ത്യ മാറിയിട്ടുണ്ട്. 8,230 ബില്യന്‍ ഡോളറാണ് ഇന്ത്യയുടെ സമ്പത്ത്. പത്ത് ലക്ഷത്തിലേറെ അമേരിക്കന്‍ ഡോളര്‍ കൈവശമുളള 3,30,400 പേര്‍ ഇന്ത്യയിലുണ്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഒമ്പതാം സ്ഥാനമാണ് ഇന്ത്യയ്ക്കുളളത്. രാജ്യത്ത് 20,730 ശതകോടീശ്വരന്‍മാരുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്. 119 ശതകോടീശ്വരന്‍മാര്‍ ഇന്ത്യയില്‍ താമസിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. നൂറ് കോടി അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുളളവരാണ് ശതകോടീശ്വരന്‍മാര്‍ എന്നാണ് റിപ്പോര്‍ട്ട് വിവക്ഷിക്കുന്നത്.
ആഗോള സമ്പന്ന കുടിയേറ്റം വര്‍ദ്ധിച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2017ല്‍ 95,000 ലക്ഷാധിപതികള്‍ ഇത്തരത്തില്‍ മറ്റിടങ്ങളിലേക്ക് കുടിയേറി. 2016ല്‍ ഇത് 82,000വും 2015ല്‍ 64,000വും ആയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.