Sunday
18 Nov 2018

ചൗക്കി കല്ലങ്കൈയില്‍ ബുള്ളറ്റിലേക്ക് ലോറിയിടിച്ച് വെള്ളരിക്കുണ്ട് സ്വദേശികള്‍ മരിച്ചു

By: Web Desk | Thursday 8 February 2018 10:21 PM IST

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ചൗക്കി കല്ലങ്കൈദേശീയ പാതയില്‍ ബുള്ളറ്റും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വെള്ളരിക്കുണ്ട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു.വെള്ളരിക്കുണ്ടിലെ എം.പി.ലൂക്കാച്ചന്‍ (55), സുഹൃത്തും വെള്ളരിക്കുണ്ട് പുങ്ങംചാല്‍ മുള്ളന്‍ വളപ്പിലെ കൃ ഷണന്‍ നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ (45) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. കര്‍ണാടക മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റിലേക്ക് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് മൂകാംബികയില്‍ നിന്നും ഇരുവരും ബുള്ളറ്റില്‍ വെള്ളരിക്കുണ്ടിലേക്ക് യാത്ര പുറപ്പെട്ടത് ഇവര്‍ക്കൊപ്പം മറ്റൊരു കാറില്‍ നാട്ടിലുള്ള സുഹൃത്തുക്കളും പുറപ്പെട്ടിരുന്നു. അപകടം നടന്നത് ഇവരുടെ വാഹനം കടന്നു പോയതോടെയാണ്. വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും രാത്രിയോടെ മൃതദേഹം സൂക്ഷിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. മരിച്ച വിജയന്റെ ഭാര്യ.. ഷൈല, മക്കള്‍: വിപിന്‍ കൃഷ്ണ, സ്‌നേഹ (ഇരുവരും വിദ്യാര്‍ത്ഥികള്‍), സഹോദരന്‍: വിജേഷ്.