Thursday
24 Jan 2019

നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

By: Web Desk | Tuesday 18 September 2018 8:00 PM IST

ചാവക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയുടെ കൈപിടിച്ച് നിന്നിരുന്ന അഞ്ചുവയസ്സുകാരനും, കാറിലുണ്ടായിരുന്ന നാലു വയസ്സുകാരനും മരിച്ചു. നാടിനെ കണ്ണീരണിയിച്ച അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ വിശ്വനാഥ ക്ഷേത്രത്തിനടുത്ത് കാണക്കോട്ട് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കാണക്കോട്ട് തൈക്കാട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അമല്‍കൃഷ്ണ (5), ആറ്റുപുറം വലിയപറമ്പില്‍ കബീറിന്റെ മകന്‍ ആദില്‍ (4) എന്നിവരാണ് മരിച്ചത്.
കബീറിന്റെ ഭാര്യ ബിന്‍സി (32), മകള്‍ അസ്മി (ഒന്ന്), കബീറിന്റെ സഹോദരിമാരായ ഷക്കീല (26), ഹയറുന്നീസ (41), പിതൃ സഹോദര പുത്രി ഷമീറ (34), മകന്‍ ആഷിക്, പിതൃസഹോദര പുത്രന്‍ സനീഷ് എന്ന ഷാനു (30), കാര്‍ ഡ്രൈവര്‍ ആറ്റുപുറം കീടത്തയില്‍ അബൂബക്കര്‍ (62), ഷക്കീലയുടെ സുഹൃത്ത് സുമിന (25), മരിച്ച അമല്‍കൃഷ്ണയുടെ മാതാവ് സുജിഷ (30) എന്നിര്‍ക്കാണ് പരിക്ക്. ഇവരെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിഷ അത്യാഹിത വിഭാഗത്തിലാണ്.
കബീറിന്റെ സഹോദരി ഷക്കീലയുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സ്‌കൂളില്‍ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ സീല്‍വാങ്ങി പുറത്തിറങ്ങി ചാവക്കാട്ടേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു അമല്‍കൃഷ്ണയും മാതാവ് സുജിഷയും. നിയന്ത്രണം വിട്ട കാര്‍ ഇരുവരേയും ഇടിച്ചുതെറിപ്പിച്ചശേഷം സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. ഇവര്‍ മീറ്ററുകളോളം അകലേക്ക് തെറിച്ചുവീണു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിന്റെ മുന്‍വശത്തെ സീറ്റിലായിരുന്നു മരിച്ച ആദില്‍ ഇരുന്നിരുന്നത്. രണ്ട് കുട്ടികളും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കാണക്കോട്ട് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് അമല്‍കൃഷ്ണ. സംസ്‌കാരം ഇന്ന് രാവിലെ 8 ന് നടക്കും. വിദേശത്തുള്ള പിതാവ് കബീര്‍ എത്തിയതിനുശേഷം ഇന്നുതന്നെ ആദിലിന്റെ കബറടക്കവും നടത്തും.

Related News