Wednesday
17 Oct 2018

പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിസപ്ഷനിസ്റ്റായി റോബോട്ട് എത്തുന്നു

By: Web Desk | Sunday 7 October 2018 11:48 AM IST

സ്വന്തം ലേഖിക

കൊച്ചി: പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിസപ്ഷനിസ്റ്റായി റോബോട്ട് എത്തുന്നു. ഹെഡ്ക്വാട്ടേഴ്‌സിലെ റിസപ്ഷന്‍ നിയന്ത്രിക്കാന്‍ റോബോട്ടിനെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് അറിയിച്ചത്. റോബോട്ടിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റോബോട്ട് എത്തുന്നതോടെ ഡിജിപിയെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും റോബോട്ടായിരിക്കും. ഡിജിപി തിരക്കിലാണെങ്കില്‍ അത് സന്ദര്‍ശകരെ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ചോദിച്ചുമനസിലാക്കുകയും ചെയ്യും. മുന്‍കൂട്ടി തയ്യാറാക്കുന്ന ലോഗോയുടെ അടിസ്ഥാനത്തില്‍ സന്ദര്‍ശകനായി എത്തുന്നയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും അറിയാനും റോബോട്ടിന് കഴിയും. നിരന്തരം എത്തുന്ന സന്ദര്‍ശകരെ പ്രത്യേകം തിരിച്ചറിയാനും റോബോട്ടിന് കഴിയും. കൃത്യതയാര്‍ന്ന സേവനം നല്‍കാന്‍ ഇവക്ക് കഴിയുമെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നുമായി വരുന്നവരെ വിമാനത്താവളങ്ങളിലടക്കം തിരിച്ചറിഞ്ഞ് പിടികൂടാന്‍ പൊലിസിനെ സഹായിക്കുന്ന തരത്തിലും റോബോട്ടിനെ ഉപയോഗപ്പെടുത്തും. ഇതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. 100ലധികം മയക്കുമരുന്നുകളുള്ളത് തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് കഴിയുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കുന്ന റോബോട്ടിനെ ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നയാളുടെ മനോനില സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇത് തിരിച്ചറിയാന്‍ കഴിവുള്ള റോബോട്ടുകള്‍ വിമാനത്താവളങ്ങളില്‍ വളരെയധികം ഉപകാരപ്രദമാണ്.
ആരോഗ്യ മേഖലയില്‍ വരെ എത്തിയിട്ടുള്ള റോബോട്ടുകളുടെ സേവനം പൊലിസിലും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നാണ് വിചാരിക്കുന്നത്. ട്രാഫിക് നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റോബോട്ടുകള്‍ എത്തിയാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും.
സദാചാര പൊലിസിങ്, കുട്ടികളെ ദുരുപയോഗം ചെയ്യല്‍, ഓണ്‍ലൈനുകളില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഏറുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതിനാലാണ് ഇത്തവണ കൊക്കൂണ്‍ സമ്മേളനത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.