Saturday
23 Sep 2017

രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കം അപലപനീയം; യുഎന്‍

By: Web Desk | Monday 11 September 2017 10:28 PM IST

ജനീവ;ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. രോഹിന്‍ഗ്യ മുസ്‌ലിംകളെ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള ശ്രമം നടക്കുന്നു. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

40,000 വരുന്ന രോഹിന്‍ഗ്യ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. ഇവര്‍ക്കെതിരെ മ്യാന്‍മറില്‍ കടുത്ത വംശീയ സംഘര്‍ഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണ് ഹുസൈന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടമായി അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാന്‍ സാധ്യമല്ല ഹുസൈന്‍ ചൂണ്ടിക്കാട്ടി. രോഹിന്‍ഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.