Saturday
20 Oct 2018

റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രനിലപാട്; ജീവിക്കാനുള്ള അവകാശലംഘനം

By: Web Desk | Saturday 16 September 2017 11:37 PM IST

ന്യൂഡല്‍ഹി: മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലന നീക്കത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ മടക്കി അക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. റോഹിങ്ക്യകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ എച്ച് എല്‍ ദത്തു പറഞ്ഞു. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.
അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റോഹിങ്ക്യകളെ മടക്കി അയക്കാനുള്ള കാരണമായി ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, മടക്കി അയക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ നിലപാട്.
ഭരണഘടനയുടെ 21 ാം വകുപ്പ് അനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ മുന്‍കാല വിധികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ മുന്നോട്ടുപോവുക.
സ്വന്തം നാട്ടിലെ പൗരന്‍മാര്‍ക്കോ അല്ലെങ്കില്‍ വിദേശീയര്‍ക്കോ ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഈ കാരണം കാണിച്ച് മനുഷ്യവകാശ കമ്മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. നൂറ്റാണ്ടുകളായി നിരവധി അഭയാര്‍ഥികള്‍ ഇന്ത്യയില്‍ കുടിയേറി പാര്‍ക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഇന്ത്യ സംരക്ഷിക്കുന്നുണ്ടെന്നും നോട്ടീസില്‍ കമ്മിഷന്‍ വ്യക്തമാക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ 1951 ലെ അഭയാര്‍ഥി കണ്‍വന്‍ഷന്‍ പ്രോട്ടോ കോളില്‍ ഇന്ത്യ അംഗമല്ലെങ്കിലും യുഎന്നിന്റെ മനുഷ്യവകാശ കണ്‍വന്‍ഷനില്‍ ഇന്ത്യ അംഗമാണ്. അതിനാല്‍ തന്നെ അഭയാര്‍ഥികളുടെ കാര്യത്തില്‍ മാനുഷികമായ നിലപാട് ഇന്ത്യ കൈകൊള്ളണമെന്നും എച്ച് എല്‍ ദത്തു പറഞ്ഞു.
മ്യാന്‍മറില്‍ റോഹിങ്ക്യക്കാര്‍ പരക്കെ ആക്രമണത്തിന് വിധേയരാവുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ അയക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. നേരത്തെ മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഹിങ്ക്യന്‍ മുസ്‌ലിം വേട്ടക്ക് നിശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മ്യാന്‍മറിലെ സുരക്ഷാ സേനക്ക് നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി റോഹിങ്ക്യന്‍ വേട്ടക്കെതിരെ മൗനംപാലിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
നിലവില്‍ ഇന്ത്യയില്‍ അഭയാര്‍ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ച പതിനാറായിരത്തിലധികം പേര്‍ ഉള്‍പ്പെടെ 40,000ത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളാണുള്ളത്. അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പൊലീസിന് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

Related News