Monday
18 Dec 2017

ഹിന്ദു കൂട്ടക്കുരുതി കഥ കെട്ടിച്ചമച്ചത് ?

By: Web Desk | Thursday 12 October 2017 10:03 PM IST

  • മ്യാന്‍മര്‍ സേനയുടെ ആരോപണം വൃത്തികെട്ട തന്ത്രം

ധാക്ക: മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ ഹിന്ദുക്കളുടെ കൂട്ടക്കുരുതി സംബന്ധിച്ച വാര്‍ത്തയില്‍ ദുരൂഹത ഏറുന്നു. സ്ത്രീകളും കുട്ടികളുമടക്കം 45 ഹിന്ദുക്കളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി മ്യാന്‍മര്‍ സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നു. അറക്കാന്‍ റോഹിങ്ക്യ മുസ്‌ലിം തീവ്രവാദികളാണ് കൂട്ടക്കൊല നടത്തിയതെന്നായിരുന്നു മ്യാന്‍മര്‍ സേനയുടെ ആരോപണം.
റാഖിനില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു അഭയാര്‍ഥികള്‍ മ്യാന്‍മര്‍ സേനയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞിരുന്നു. ബംഗ്ലാദേശിലെത്തിയ ഹിന്ദു അഭയാര്‍ഥികളില്‍ ഒരാളായ അനിക ധര്‍ തന്റെ ഭര്‍ത്താവിനെ മ്യാന്‍മര്‍ സൈന്യമാണ് വധിച്ചതെന്ന് യുഎന്‍ മനുഷ്യാവകാശ ദൗത്യ സംഘത്തോട് പറഞ്ഞിരുന്നു. കൂട്ട കുഴിമാടത്തില്‍ കണ്ടെത്തിയ 45 പേര്‍ക്ക് പുറമേ ഹിന്ദു ഗ്രാമത്തിലെ 48 പേരെ കാണാതായതായും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മ്യാന്‍മര്‍ സൈന്യം ഇടപെട്ട് റാഖിനില്‍ തിരികെ എത്തിച്ച സ്ത്രീകള്‍ തങ്ങളുടെ മുന്‍ നിലപാട് മാറ്റി കൂട്ടക്കൊലയ്ക്ക് റോഹിങ്ക്യ മുസ്‌ലിം തീവ്രവാദികളാണ് ഉത്തരവാദികളെന്ന് പറയുകയാണ്. ഇത് മ്യാന്‍മര്‍ സൈന്യത്തിന്റെ വൃത്തികെട്ട തന്ത്രമാണെന്ന് യുഎന്‍ മനുഷ്യാവകാശ ദൗത്യ കേന്ദ്രങ്ങള്‍ കരുതുന്നു. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ ദൗത്യ സംഘത്തിലെ ജ്യോതി സംഗേര മ്യാന്‍മര്‍ നേതാവ് ഔങ് സാന്‍ സൂചിയോട് അഭ്യര്‍ഥിച്ചു.
മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശഹത്യയില്‍ ആയിരങ്ങള്‍ കൊല ചെയ്യപ്പെടുകയും ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിക്കപ്പെടുകയുമുണ്ടായി. അഞ്ച് ലക്ഷത്തില്‍പരം റോഹിങ്ക്യര്‍ പലായനം ചെയ്തതായാണ് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related News