Tuesday
11 Dec 2018

റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ ശബരിമല ദര്‍ശനം നടത്തി

By: Web Desk | Tuesday 2 January 2018 8:58 PM IST

കൊല്ലം: ഇരുമുടിക്കെട്ടുമായി ചക്രപാദുകങ്ങളില്‍ ഒഴുകിയെത്തിയ റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ ശബരിമലയിലെത്തി. കൊല്ലത്ത് നിന്നുള്ള ഏഴംഗ സ്‌കേറ്റിംഗ് സംഘമാണ് രണ്ടു ദിവസംകൊണ്ടു സ്‌കേറ്റിംഗ് ചെയ്ത് പമ്പയിലെത്തിയത്. തുടര്‍ന്ന് കാല്‍നടയായി താരങ്ങള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി മടങ്ങി.
ഞായറാഴ്ച്ച രാവിലെയാണ് സംഘം കൊല്ലം കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്നും പമ്പക്ക് യാത്ര തുടങ്ങിയത്. ‘സ്‌പോര്‍ട്‌സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം’ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു യാത്ര. കൊല്ലം ഹൈസ്‌ക്കൂള്‍ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര അടൂര്‍ വഴി പത്തനംതിട്ട കവലയിലെത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി. സന്ധ്യയോടെ റാന്നി പെരുനാട്ടു എത്തി. പെരുനാട്ടു നിന്നും തുടങ്ങിയ യാത്ര ളാഹ വഴി പമ്പയില്‍ സമാപിച്ചു. ജില്ലാ സംസ്ഥാന ദേശീയ സ്പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍ ഹോക്കി താരങ്ങളും പരിശീലകരുമായ പി ആര്‍ ബാലഗോപാല്‍, എസ് ബിജു, അനുരാജ് പൈങ്ങാവില്‍, ടി എസ് ആദര്‍ശ്, പി എന്‍ അമിത്, ബി ജി ബാല്‍ശ്രേയസ്, സിബി സുകുമാരന്‍ തുടങ്ങിയവരാണ് സ്‌കേറ്റിംഗ് യാത്രയില്‍ പങ്കെടുത്തത്.

Related News