Saturday
17 Nov 2018

ഒന്നും പറയാനില്ല; ഇവനാണ് ‘കണ്‍സെപ്റ്റ് KX’

By: Web Desk | Thursday 8 November 2018 5:10 PM IST

വാഹനപ്രേമികള്‍ക്കിടയിലെ താരമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. കരുത്തും പ്രൗഡിയും തന്നെയാണ് ഈ വാഹനത്തിന്റെ പ്രത്യേകതയും. അതുകൊണ്ട് തന്നെയാകണം ഇന്റെര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് ശേഷം കരുത്തുറ്റ മറ്റൊരു മോഡലുമായി കമ്പിനി എത്തുന്നതും. ‘കണ്‍സെപ്റ്റ് KX’ എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്.

1938ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകളോട് സാമ്യമുള്ളതാണ് കണ്‍സെപ്റ്റ് കെഎക്സും. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായാണ് വാഹനത്തിന്‍റെ കടന്നു വരവ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ കെഎക്‌സില്‍ ഉണ്ടായിരുന്നത്.

കണ്‍സെപ്റ്റ് കെഎക്‌സിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.  റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ കെഎല്‍സിന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്-ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കെഎക്‌സിന് കരുത്തന്‍ പരിവേഷം നല്‍കും.