Friday
20 Apr 2018

വിപ്ലവ ഗാനങ്ങളില്‍ ആകൃഷ്ടരായി സംഘപരിവാര്‍ സംഘടന

By: Web Desk | Friday 10 November 2017 8:17 PM IST

പി എസ് സുജിത്ത്

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള മഹാറാലിയില്‍ പങ്കെടുക്കാന്‍ വന്ന എബിവിപി സംഘം വിപ്ലവ ഗാനത്തില്‍ ആകൃഷ്ടരായത് കൗതുകമുണര്‍ത്തി. സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ ഇപ്റ്റയുടെ വിപ്ലവഗാനത്തിലും നാടന്‍പാട്ടിലും ലയിച്ച് ചേര്‍ന്ന് ആലപിച്ചത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കുവാനാണ് രാജസ്ഥാനില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ നേത്രാവതി എക്‌സ്പ്രസില്‍ മുംബൈല്‍ നിന്നും കഴിഞ്ഞദിവസം കയറിയത്. ഇതേ ട്രെയിനിയില്‍ പനവേല്‍ ജംഗ്ഷനില്‍ നിന്നും മുംബൈയിലെ പരിപാടികള്‍ കഴിഞ്ഞ് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരും കയറി. എ ബി വി പി പ്രവര്‍ത്തകര്‍ ട്രെയിനില്‍ ജയ് വിളികള്‍ ആരംഭിക്കുകയും ഇതേ സമയം അടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഇപ്റ്റ നാടന്‍പാട്ട് സംഘം വിപ്ലവഗാനങ്ങള്‍ ആലപിക്കാനും തുടങ്ങിയിരുന്നു. ഇതില്‍ ആകൃഷ്ടരായ എ ബി വി പി സംഘം ജയ് വിളി അവസാനിപ്പിച്ച് കൂട്ടത്തോടെ ഇപ്റ്റയുടെ പ്രവര്‍ത്തകരോടൊപ്പം വിപ്ലവഗാനം ആലപിക്കുകയായിരുന്നു. പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് 200 പേരോളം വരുന്ന എ ബി വി പിക്കാര്‍ ഇപ്റ്റയുടെ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പാടിയത്. ”സമരൈക്യത്തിന്‍ സരണികളില്‍ സംഗീതം പാടും നാട്, കുട്ടനാട്, ശൂരനാട്, പുന്നപ്ര, വയലാര്‍… ഇല്ല നമ്മള്‍ അറിഞ്ഞില്ല, നമ്മള്‍ ഒന്നും സഹിച്ചില്ല. ഈ ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍, എത്രപേര്‍ മരിച്ചുവീണു, എത്രപേര്‍ രക്തസാക്ഷികളായി.. നല്ലൊരു നാളെയ്ക്കായി ഞങ്ങള്‍ക്കായി തന്ന് പോയവരെ ഈ നാടിന് വേണ്ടി എല്ലാം മറന്ന ധീരനായകരെ..” തുടങ്ങി കയ്യൂര്‍ സമരങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ വരെ അവര്‍ ഏറ്റുപാടി. വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെ പാട്ടിന്റെ വരികള്‍ കൃത്യമായി ആലപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈണത്തിനും താളത്തിനുമൊപ്പം രാജസ്ഥാനികള്‍ ആവുംവിധം പാടി. ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.

 

Related News