Thursday
15 Nov 2018

  ആർഎസ്എസ് നേതാവ്  വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍

By: Web Desk | Tuesday 6 November 2018 4:33 PM IST

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവിനു ആചാരലംഘനം ആകാം, ശബരിമല പ്രക്ഷോഭം നയിക്കാനെത്തിയ  ആർഎസ്എസ് നേതാവ്  വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി ആചാരലംഘനം നടത്തിയതായി ആരോപണം. ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവ് ആചാരംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആര്‍എസ്എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് വ്യക്തമാക്കി.

പതിനെട്ടാംപടിയില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നതും ആചാരലംഘനമാണ്. ആചാരങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുകയാണ്.ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പതിനെട്ടാംപടി ചവിട്ടിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇന്ന് രാവിലെ ഇരുമുടിക്കെട്ടില്ലാതെ എത്തിയ സ്ത്രീകളെയും മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. ഇതിനിടയില്‍ ആര്‍.എസ്.എസ് നേതാവ് തന്നെ ആചാരം ലംഘിച്ചത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാര ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ദര്‍ശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോള്‍ താഴേക്ക് ഇറങ്ങിയതാണെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. പതിനെട്ടാംപടിയില്‍ നിന്നും താന്‍ താഴേക്ക് ഇറങ്ങിയിട്ടില്ല. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും പ്രതികരിക്കാന്‍ തയ്യാറായില്ല. ശബരിമല പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News