Saturday
20 Jan 2018

ആർ എസ്എസ് ആക്രമണം: വനിതാ ജനപ്രതിധികളടക്കം 3 പേര്‍ക്ക് പരിക്ക്

By: Web Desk | Sunday 22 October 2017 9:47 PM IST

സ്വന്തം ലേഖകന്‍
ചേര്‍ത്തല : തണ്ണീര്‍മുക്കം സിപിഐ എം, സിപിഐ സംയുക്ത പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം നടത്തി. വനിതകളായ ജില്ലാ പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്ത് അംഗം എന്നിവര്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റു. ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, തണ്ണീര്‍മുക്കം പഞ്ചായത്തംഗം സുധര്‍മ സന്തോഷ്, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം ഗിരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രക്തസാക്ഷി വാരാചരണത്തിന് തണ്ണീര്‍മുക്കം പഞ്ചായത്ത് 13-ാം വാര്‍ഡ് കമ്മിറ്റി പുളിച്ചുവട്ടില്‍ ഉയര്‍ത്തിയ കൊടി എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കാന്‍ പ്രകടനമായി യെത്തിയപ്പോഴായിരുന്നു ആക്രമണം. വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ക്ഷതമേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഛര്‍ദി ഉണ്ടായതിനാലാണ് വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവര്‍ താലൂക്ക് ആശുപത്രിയിലാണ്.
ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ശനിയാഴ്ച വൈകിട്ട് ഉയര്‍ത്തിയ കൊടി രാത്രിയില്‍ എടുത്തുമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചും വീണ്ടും കൊടി ഉയര്‍ത്തുന്നതിനുമാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. തണ്ണീര്‍മുക്കം സ്‌കൂള്‍ കവലയില്‍ നിന്നാരംഭിച്ച പ്രകടനം പുളിച്ചുവട്ടില്‍ എത്തിയപ്പോള്‍ അസഭ്യവര്‍ഷവും കല്ലും വടിയുമായി ചാടിവീണ ആര്‍എസ്എസുകാര്‍ കൊടി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ആക്രമണം നടത്തിയത്. വനിതകളെ കൈയേറ്റംചെയ്ത അക്രമികള്‍ വസ്ത്രം വലിച്ചുകീറി. സിന്ധുവിന്റെ കൈത്തണ്ടയില്‍ ക്ഷതമേറ്റു. സുധര്‍മയെ റോഡില്‍ വലിച്ചിഴച്ചു.
കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ ചേര്‍ത്തല ബ്ലോക്ക് ട്രഷറര്‍ അഡ്വ. ദിനൂപ് വേണുവിന്റെ ഭാര്യ അനുപ്രിയയെയും ഒരുവയസുള്ള കുഞ്ഞിനെയും ആര്‍എസ്എസുകാര്‍ വീട്ടില്‍കയറി ആക്രമിച്ചിരുന്നു.
Related News