Wednesday
21 Nov 2018

ആര്‍എസ്എസ്, ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക

By: Web Desk | Saturday 7 July 2018 9:59 PM IST

രാഷ്ട്രീയമായ നൈരാശ്യവും സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൂടുതല്‍ നിരാശനാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മോഡി മറ്റൊന്നുമല്ല അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞയാഴ്ച പല തവണയാണ് അദ്ദേഹം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്കെതിരായി ഉയര്‍ന്നു വരുന്ന പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിച്ചത്. എല്ലാ വിഷയങ്ങളെയും വ്യക്ത്യധിഷ്ഠിതമായി കാണാനാണ് അദ്ദേഹം ശ്രമിച്ചത്. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുക മാത്രമാണ് പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചത്. പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏതെങ്കിലും പേര് ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും മോഡിക്ക് പകരക്കാരനില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. അത് ശരിയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ നയങ്ങളും വിലയിരുത്തി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാറിനെ പുറത്താക്കുകയെന്നതാണ് ആവശ്യം.
ഏതെങ്കിലും വ്യക്തിയെയെന്നല്ല ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ആഹ്വാനം. ബിജെപിയെന്നത് രാജ്യത്തിനാകെ ഭീഷണിയാണ്. പ്രധാനമന്ത്രി അതിന്റെ പ്രതീകവും. അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ തന്നെ നരേന്ദ്രമോഡിയുടെ അധികാരാരോഹണം കേവലം ജനാധിപത്യപരമായ മാറ്റം മാത്രമല്ലെന്ന് സിപിഐയുടെ 22 -ാം പാര്‍ട്ടി കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞിരുന്നതാണ്. കോര്‍പ്പറേറ്റുകളുടെയും ധനമൂലധന ശക്തികളുടെയും ഒരുപോലെയുള്ള താല്‍പര്യങ്ങളെയാണ് ഈ സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും കടുത്ത വലതുപക്ഷ നയങ്ങളും ഭൂരിപക്ഷത്തിന്റെയും വര്‍ഗീയതയുടെയും വൃത്തികെട്ട രൂപവുമാണ് പിന്തുടരുന്നതെന്നും ഫാസിസ്റ്റ് പ്രവണത കാട്ടുന്നുവെന്നും വിലയിരുത്തുകയും ചെയ്തിരുന്നു.
നമ്മുടെ വിലയിരുത്തല്‍ കൂടുതല്‍ ശരിയാണെന്ന് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ പൂര്‍ണമായും ആര്‍എസ്എസ് പിടിയിലമര്‍ന്ന ഈ സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ജനാധിപത്യ സംവിധാനങ്ങളും മതേതര ജനാധിപത്യ ഭരണഘടനയെ പോലും തകര്‍ത്തിരിക്കുന്നു. രാജ്യം കുഴപ്പത്തിലേയ്ക്കും അരാജകത്വത്തിലേയ്ക്കും വലിച്ചെറിയപ്പെട്ടിരിക്കുന്നു. അത് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും കടന്നുകയറിയിരിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തിന് നേരെ വലിയ ഭീഷണിയാണ് ഈ സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ജനാധിപത്യ സംവിധാനമെന്ന ആശയം തന്നെ ഭീഷണി നേരിടുന്നു. ഈ തകര്‍ച്ചയുടെ മുഴുവന്‍ ഉത്തരവാദിത്തവും ആര്‍എസ്എസിനാണ്. രാജ്യത്തെ വിഭജിക്കുന്നതിന് ജാതി – മത ധ്രുവീകരണമാണ് പ്രധാന ആയുധമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് ആര്‍എസ്എസ്/ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കി വൃത്തികെട്ടതും നാശോന്മുഖവുമായ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഭരണ ജനാധിപത്യ സംവിധാനമാകെ ശുദ്ധീകരിക്കപ്പെടണം. തുടക്കം മുതല്‍തന്നെ സാമ്പത്തിക മേഖലയില്‍ ഈ ഭരണം ധനമൂലധന ശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഓരോ നയങ്ങളും ഈ വിഭാഗങ്ങള്‍ക്ക് ഇളവുകളില്‍ നിന്ന് ഇളവുകള്‍ നല്‍കുകയും സാമ്പത്തിക ബാധ്യതകളൊന്നൊന്നായി സാധാരണക്കാരുടെ ചുമലിലേയ്ക്ക് മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിലായി എന്നതായിരുന്നു അതിന്റെ ആത്യന്തിക ഫലം. ബാങ്കിങ് മേഖലയാകെ പാപ്പരത്വത്തിന്റെ വക്കിലെത്തി. എല്ലാ സാമ്പത്തിക സൂചികകളിലും നാം പിന്നാക്കം പോയി. വിലക്കയറ്റം ആകാശത്തോളം ഉയര്‍ന്നു. അവശ്യ സാധന വിലയും സേവന നിരക്കുകളും റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള ബാധ്യത താങ്ങാനാകാതെ പൊതുജനം നിലവിളിക്കുന്ന അവസ്ഥയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കിട്ടുന്ന വിലയ്ക്ക് ലേലത്തിന് വില്‍ക്കുന്നു. ഇത്രയും ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയ്ക്ക് സ്വാതന്ത്ര്യാനന്തരഭാരതം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല. സാമ്പത്തികമായ ഈ പാപ്പരത്വത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആഗോള മൂലധന ശക്തികള്‍ക്ക് കീഴടങ്ങുകയും സാമ്രാജ്യത്വ ശക്തികളെ എല്ലാ മേഖലകളിലും മുന്‍കൈ അനുവദിക്കുകയും ചെയ്തു. നമ്മുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സുരക്ഷയേയും ഇത് അപകടപ്പെടുത്തിയിരിക്കുകയാണ്.
ഈ രണ്ട് ഭീഷണികളെയും രാജ്യം നേരിടുന്ന അപകടങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ ഭരണത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് അവരെ തയ്യാറാക്കുകയും ചെയ്യുകയെന്നത് അനിവാര്യമായിരിക്കുന്നു. ഇതായിരുന്നു സിപിഐയും മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവയുടെ പാര്‍ട്ടി കോണ്‍ഗ്രസുകളിലെത്തിയ നിഗമനം. രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിന് ആര്‍എസ്എസ് – ബിജെപി എന്നിവയെ പരാജയപ്പെടുത്തുകയെന്നത് അടിയന്തര രാഷ്ട്രീയ കടമയാണെന്ന ആഹ്വാനവും പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഇതിനകം തന്നെ മുന്നേറാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് മതേതര – ജനാധിപത്യ ശക്തികളും ഈ രാഷ്ട്രീയ തന്ത്രത്തെയും എല്ലാവരെയും കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങളെയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മോഡിയെയല്ല ലക്ഷ്യം വയ്ക്കുന്നത്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നയങ്ങളെയും ഭീഷണികളെയുമാണ്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് ശേഷം മാത്രമേ മോഡിക്ക് പകരക്കാരനാരെന്ന വിഷയം ഉയര്‍ന്നു വരുന്നുള്ളൂ. മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ അതിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സര്‍ക്കാരിനെ നയിക്കുന്നതിന് തീരുമാനിക്കും. നേരത്തേ ഉണ്ടായതും ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നതും അതുതന്നെയാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ പാര്‍ലമെന്റില്‍ തങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ ജനവിരുദ്ധ – ദേശ വിരുദ്ധ നയങ്ങള്‍ തിരുത്തിക്കുന്നതിന് മാത്രമല്ല ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ആശ്വാസകരമായ നടപടികള്‍ക്ക് രൂപം നല്‍കുന്നത് ഉറപ്പാക്കുന്നതിനും ശക്തമായ ഇടതുസാന്നിധ്യം സഹായകമാവും. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമവും വിവരാവകാശ നിയമവും നടപ്പിലാക്കുന്നതിലും ഇന്ധന വില വര്‍ധന തടയുന്നതിലും ആ ദൗത്യമാണ് ഇടതുപക്ഷം നിര്‍വഹിച്ചിരുന്നത്.
ഇപ്പോഴത്തെ വെല്ലുവിളികള്‍ കൂടുതല്‍ ഗൗരവമുള്ളതാണ്. മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തുകയും സാമ്പത്തിക നയങ്ങള്‍ ജനതാല്‍പര്യങ്ങള്‍ക്കനുസൃതമായി തിരുത്തുകയും ചെയ്യുകയെന്നത് ഇടതുപക്ഷത്തിന് ഉറപ്പുവരുത്താനാകണം. ആര്‍എസ്എസ്/ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നത് അംഗീകരിക്കുമ്പോള്‍തന്നെ അതിനിടയില്‍ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ ഇടതുപക്ഷേതര പ്രതിപക്ഷത്തിന്മേല്‍ സമ്മര്‍ദം ചെലുത്തിയും കോഴ നല്‍കിയും ഇടതുപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കാനിടയുണ്ട്. അതുകൊണ്ട് വിശാലമായ ഇടതു മതേതര ജനാധിപത്യ വേദി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ തന്നെ ഇടതുപക്ഷം തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനായി മതിയായ അടിത്തറയുള്ള കേന്ദ്രങ്ങളില്‍ നിന്ന് സ്വന്തം പ്രതിനിധികളെ വിജയിപ്പിക്കുന്നത് ഉറപ്പാക്കുന്നതിലുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്.