Tuesday
19 Jun 2018

പൊലീസിലെ ആര്‍എസ്എസ് അനുകൂലികള്‍ രഹസ്യ അജണ്ട നടപ്പാക്കുന്നു: ആനിരാജ

By: Web Desk | Sunday 15 April 2018 4:10 PM IST

കോലഞ്ചേരി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് പട്ടയം റദ്ദാക്കുന്നതടക്കമുളള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗവും മഹിളാ സംഘം ദേശീയ സെക്രട്ടറിയുമായ ആനിരാജ ആവശ്യപ്പെട്ടു. കേരള പൊലീസില്‍ ആര്‍എസ്എസിന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അവര്‍ പറഞ്ഞു.
വടയമ്പാടി കോളനി സംരക്ഷണ സമിതി സംഘടിപ്പിച്ച അംബേദ്കര്‍ ദര്‍ശനോത്സവത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആനിരാജ. പൊലീസിലെ ആര്‍എസ്എസ് അനുകൂലികളാണ് ജനങ്ങളില്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വടയമ്പാടിയില്‍ അംബേദ്കര്‍ അനുസ്മരണം പെരുവഴിയില്‍ നടത്തിയത് ഈ ഉദ്യോഗസ്ഥര്‍ കാരണമാണ്. ഇത് ജില്ലക്ക് തന്നെ കറുത്ത ദിനമാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നൂവെന്നത് ഖേദകരമാണ്. അതുപോലെ തന്നെ കീഴാറ്റൂരും വടയമ്പാടിയും സംഭവിക്കുന്നതും ഇടത് ഭരണത്തിലാണെന്നത് ദു:ഖം വര്‍ധിപ്പിക്കുന്നുണ്ടെന്നും ആനിരാജ പറഞ്ഞു.
സിപിഐ നേതാക്കളായ കമലാ സദാനന്ദന്‍, മോളി വര്‍ഗീസ്, എംപി ജോസഫ്, എം ടി തങ്കച്ചന്‍, എന്‍ കെ വര്‍ഗീസ്, ജോളി കെ പോള്‍, ധനന്‍ ചെട്ടിയാഞ്ചേരി, പി കെ മധു, സി ജി ഗോപകുമാര്‍, വടയമ്പാടി ദളിതി ഭൂ അവകാശ സമര മുന്നണി-കോളനി സംരക്ഷണ സമിതി നേതാക്കളായ എം പി അയ്യപ്പന്‍കുട്ടി, വി കെ മോഹനന്‍, അരുണ്‍ ചെല്ലപ്പന്‍, വിവിധ സംഘടനാ പ്രതിനിധികളായ സി എസ് മുരളി, അഡ്വ. പി ജെ മാനുവല്‍, വി സി ജെന്നി, ജോയി പാവേല്‍, എം കെ ദാസന്‍, തങ്കച്ചന്‍ ജോസഫ്, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, ഷണ്‍മുഖന്‍ ഇടിത്തേരില്‍, ടി ജെ തോമസ്, ഡോ. ധന്യാമാധവ്, ജ്യോതിവാസ് പറവൂര്‍, സുരേഷ് പുലയയന്‍, കെ സി സുരേഷ്, രഞ്ജിത് കുമാര്‍, യു എം രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.